ആറ് ഇന്നിങ്‌സില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി, നാല് സെഞ്ച്വറി, ഒരു ഹാഫ് സെഞ്ച്വറി; പാകിസ്ഥാന്റെ അന്തകന്‍
Sports News
ആറ് ഇന്നിങ്‌സില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി, നാല് സെഞ്ച്വറി, ഒരു ഹാഫ് സെഞ്ച്വറി; പാകിസ്ഥാന്റെ അന്തകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 7:42 pm

 

 

സ്വന്തം മണ്ണില്‍ പാകിസ്ഥാനെ തച്ചുതകര്‍ക്കുന്ന പതിവ് ഡേവിഡ് വാര്‍ണര്‍ ഇത്തവണയും ആവര്‍ത്തിക്കുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ടാണ് വാര്‍ണര്‍ വീണ്ടും പാകിസ്ഥാന്‍ മര്‍ദകനായത്.

211 പന്തില്‍ 164 റണ്‍സ് നേടിയാണ് വാര്‍ണര്‍ ഇത്തവണ തകര്‍ത്തടിച്ചത്. 16 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. തന്റെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനായതും താരത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി.

ഓസീസ് ആരാധകരെ സംബന്ധിച്ച് ഇതൊരു പുതുമയുള്ള കാഴ്ചയായിരുന്നില്ല. ഓസ്‌ട്രേലിയന്‍ പിച്ചില്‍ പാകിസ്ഥാനുമായി മുട്ടിയപ്പോഴെല്ലാം മെന്‍ ഇന്‍ ഗ്രീനിന്റെ കണ്ണുനീര്‍ വീഴ്ത്താന്‍ വാര്‍ണറിന് സാധിച്ചിട്ടുണ്ട്.

പാകിസ്ഥാനെതിരെ സ്വന്തം മണ്ണില്‍ അവസാനം കളിച്ച ആറ് ഇന്നിങ്‌സില്‍ നിന്നുമായി 965 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

2016ല്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 144 റണ്‍സാണ് വാര്‍ണര്‍ നേടിയത്. താരത്തിന്റെ 17ാമത് സെഞ്ച്വറി പിറന്നതും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 5,000 റണ്‍സ് എന്ന ചരിത്രനേട്ടം കൈവരിച്ചതും ഇതേ മത്സരത്തില്‍ തന്നെയായിരുന്നു.

മത്സരത്തില്‍ ഇന്നിങ്‌സ് വിജയം നേടിയതിനാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 443ന് ഒമ്പത് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റെയും (246 പന്തില്‍ 165*) ഡേവിഡ് വാര്‍ണറിന്റെയും സെഞ്ച്വറി കരുത്തില്‍ 624 റണ്‍സ് നേടി. 181 റണ്‍സ് കടവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 163ന് ഓള്‍ ഔട്ടായി. ഇതോടെ ഇന്നിങ്‌സിനും 18 റണ്‍സിനും ഓസീസ് വിജയിച്ചു.

ശേഷം 2017ല്‍ വീണ്ടും പാകിസ്ഥാന്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി വാര്‍ണറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സിഡ്‌നിയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ മാറ്റ് റെന്‍ഷോയുടെയും ഡേവിഡ് വാര്‍ണറിന്റെയും സെഞ്ച്വറി കരുത്തില്‍ ഓസ്‌ട്രേലിയ 538ന് എട്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. റെന്‍ഷോ 293 പന്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ 95 പന്തില്‍ 113 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങയ പാകിസ്ഥാന്‍ 315ന് ഓള്‍ ഔട്ടായി. പുറത്താകാതെ 175 റണ്‍സ് നേടിയ യൂനിസ് ഖാനാണ് ടോപ് സ്‌കോറര്‍.

223 റണ്‍സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 241ന് രണ്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഉസ്മാന്‍ ഖവാജ (79*), സ്റ്റീവ് സ്മിത് (59), ഡേവിഡ് വാര്‍ണര്‍ (55) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 244ന് ഓള്‍ ഔട്ടായതോടെ 220 റണ്‍സിന്റെ കൂറ്റന്‍ ജയം ഓസീസ് സ്വന്തമാക്കി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലാണ് പാകിസ്ഥാന്‍ വീണ്ടും കങ്കാരുക്കളുടെ മണ്ണില്‍ പര്യടനത്തിനെത്തിയത്. നിര്‍ഭാഗ്യവശാല്‍ പരമ്പരയിലെ രണ്ട് മത്സരത്തിലും സന്ദര്‍ശകര്‍ക്ക് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഇതിന് കാരണക്കാരനായതാകട്ടെ വാര്‍ണറും.

ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 240ന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്കായി മാര്‍നസ് ലബുഷാനും ഡേവിഡ് വാര്‍ണറും സെഞ്ച്വറി നേടി. ലബുഷാന്‍ 279 പന്തില്‍ 185 റണ്‍സടിച്ചപ്പോള്‍ 296 പന്തില്‍ 154 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ഓസ്‌ട്രേലിയ 580 റണ്‍സടിച്ചു.

340 റണ്‍സിന്റെ കടവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 335ന് ഓള്‍ ഔട്ടാവുകയും ഇന്നിങ്‌സിനും 5 റണ്‍സിനും പരാജയപ്പെടുകയുമായിരുന്നു.

അടുത്ത മത്സരത്തില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ചൂറിയന്‍മാരുടെ പട്ടികയില്‍ തന്റെ സ്ഥാനമുറപ്പിച്ചാണ് വാര്‍ണര്‍ തരംഗമായത്.

ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 589ന് മൂന്ന് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 418 പന്തില്‍ പുറത്താകാതെ 335 റണ്‍സടിച്ച വാര്‍ണറാണ് കങ്കാരുക്കളെ മുമ്പില്‍ നിന്നും നയിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 309ന് ഓള്‍ ഔട്ടായി. ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന പാകിസ്ഥാന് രണ്ടാം ഇന്നിങ്‌സില്‍ 239 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്നിങ്‌സിനും 48 റണ്‍സിനും ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി.

തുടര്‍ച്ചയായി ജയഭേരി മുഴക്കിയതിന് പിന്നാലെ ഇപ്പോള്‍ വാര്‍ണര്‍ വീണ്ടും മറ്റൊരു സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. പരമ്പരയിലെ രണ്ടാം ഇന്നിങ്‌സിലും വാര്‍ണര്‍ മാജിക് ആവര്‍ത്തിക്കുമോ എന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

 

Content Highlight: David Warner’s last 6 innings against Pakistan in home condition