പടിയിറങ്ങുമ്പോള്‍ ലോക ചാമ്പ്യന്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍, ഒന്നാം റാങ്ക് ടീം, മൂന്നിലും നിര്‍ണായക സാന്നിധ്യം; നന്ദി വാര്‍ണര്‍
Sports News
പടിയിറങ്ങുമ്പോള്‍ ലോക ചാമ്പ്യന്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍, ഒന്നാം റാങ്ക് ടീം, മൂന്നിലും നിര്‍ണായക സാന്നിധ്യം; നന്ദി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 11:25 am

 

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററായ ഡേവിഡ് വാര്‍ണര്‍ ഐതിഹാസികമായ തന്റെ ടെസ്റ്റ് കരിയറിനും വിരാമമിട്ടിരിക്കുകയാണ്. സിഡ്‌നിയില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ 22 യാര്‍ഡിനോട് വിടപറഞ്ഞിരിക്കുന്നത്.

അവസാന ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വാര്‍ണര്‍ പടിയിങ്ങുന്നത്. മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ച ശേഷമാണ് വാര്‍ണര്‍ മടങ്ങുന്നത്. സിഡ്‌നി ടെസ്റ്റിലും വിജയിച്ചതിന് പിന്നാലെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കാനും വാര്‍ണറിന് സാധിച്ചു.

ഈ പരമ്പര വിജയം മാത്രമല്ല, പടിയിറങ്ങുമ്പോള്‍ തന്റെ കിരീടത്തില്‍ ഒരുപാട് പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്താണ് വാര്‍ണര്‍ പടിയിറങ്ങുന്നത്. ഓസ്‌ട്രേലിയക്ക് ആറാമത് ലോകകപ്പ് കിരീടവും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡേവിഡ് വാര്‍ണര്‍.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് കങ്കാരുപ്പട തങ്ങളുടെ ആറാം വിശ്വകിരീടം ശിരസിലണിഞ്ഞത്. ഫൈനലില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും ടീമിനെ ഫൈനലിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത് വാര്‍ണറായിരുന്നു.

 

11 മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയുടെയും രണ്ട് അര്‍ധ സെഞ്ച്വറിയുടെയും അകമ്പടിയോടെ 535 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 48.63 എന്ന ശരാശരിയിലും 108.29 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വാര്‍ണര്‍ റണ്‍സടിച്ചുകൂട്ടിയത്.

ഇതിന് പുറമെ തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 500+ റണ്‍സ് നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും വാര്‍ണര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ലോകകപ്പില്‍ ഓസീസിനായി ഏറ്റവുമധികം റണ്ണടിച്ചതും വാര്‍ണര്‍ തന്നെ.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. 2021-23 സൈക്കിളില്‍ 30 ഇന്നിങ്‌സില്‍ നിന്നും ഒരു ഇരട്ട സെഞ്ച്വറിയടക്കം 891 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ഇന്ത്യയെ തോല്‍പിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മെയ്‌സും ഓസീസിന്റെ പോര്‍ട്‌ഫോളിയോയിലേക്ക് എഴുതിച്ചേര്‍ത്തപ്പോള്‍ എല്ലാ ഐ.സി.സി കിരീടങ്ങളും സ്വന്തമാക്കുന്ന ഏക ടീം എന്ന നേട്ടവും കങ്കാരുപ്പടയെ തേടിയെത്തിയിരുന്നു.

ഇതിനെല്ലാം പുറമെ പടിയിറങ്ങുമ്പോള്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിക്കാനും വാര്‍ണറിന് സാധിച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചതിന് പിന്നാലെയാണ് ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം, സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും വിജയിച്ച് ഓസീസ് പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ഒപ്റ്റസ് സ്റ്റേഡിയത്തിലും മെല്‍ബണിലും ആവര്‍ത്തിച്ച അതേ മികവ് സിഡ്നിയിലും ആവര്‍ത്തിച്ചപ്പോള്‍ 3-0നാണ് ഓസീസ് വിജയിച്ചുകയറിയത്.

മൂന്നാം മത്സരത്തില്‍ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയതിന് ശേഷമാണ് ഓസീസ് തിരിച്ചടിച്ചത്. രണ്ടാം ഇന്നിങ്സില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

68ന് ഏഴ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച പാകിസ്ഥാന്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. നഥാന്‍ ലിയോണും പാറ്റ് കമ്മിന്‍സുമാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും അതിവേഗം പിഴുതെറിഞ്ഞത്.

രണ്ടാം ഇന്നിങ്‌സില്‍ 33 റണ്‍സ് നേടിയ സയിം അയ്യൂബാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

130 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആറ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഉസ്മാന്‍ ഖവാജ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വാര്‍ണര്‍ – മാര്‍നസ് ലബുഷാന്‍ സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു

 

Content highlight: David Warner’s incredible career