| Friday, 20th October 2023, 6:33 pm

The GOAT; അവന്‍ 160കളുടെ രാജകുമാരനാണ്, ചരിത്രനേട്ടവുമായി വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പില്‍ പാകിസ്ഥാനെതിരെ റണ്‍ മഴ പെയ്യിച്ച് ഓസ്‌ട്രേലിയ. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് ഓസീസ് നേടിയത്.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറി കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് വാര്‍ണറും മാര്‍ഷും ചേര്‍ന്ന് നല്‍കിയത്. ഏകദിനത്തിലെ ഏറ്റവും മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് ചിന്നസ്വാമിയില്‍ പിറന്നത്.

259 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ഷഹീന്‍ ഷാ അഫ്രിദിയെറിഞ്ഞ 34ാം ഓവറിലെ അഞ്ചാം പന്തില്‍ ഒസാമ മിറിന് ക്യാച്ച് നല്‍കി മിച്ചല്‍ മാര്‍ഷാണ് ആദ്യം പുറത്തായത്.

108 പന്തില്‍ 121 റണ്‍സാണ് മാര്‍ഷ് നേടിയത്. പത്ത് ബൗണ്ടറിയും ഒമ്പത് സിക്‌സറുമാണ് മാര്‍ഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഗോള്‍ഡന്‍ ഡക്കാക്കിയും ഷഹീന്‍ പുറത്താക്കി.

ഒമ്പത് പന്തില്‍ ഏഴ് റണ്‍സ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് വാര്‍ണര്‍ ഉറച്ചുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 325ല്‍ നില്‍ക്കവെ ഹാരിസ് റൗഫിന്റെ പന്തില്‍ സബ്ബായി ഇറങ്ങിയ ഷദാബ് ഖാന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്.

124 പന്തില്‍ 163 റണ്‍സ് നേടിയാണ് വാര്‍ണര്‍ പവലിയനിലേക്ക് തിരിച്ചുനടന്നത്. ഒമ്പത് സിക്‌സറും 14 ബൗണ്ടറിയുമാണ് വാര്‍ണറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പുറമെ 160നും 170നും ഇടയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന തന്റെ റെക്കോഡ് ഒന്നുകൂടി ഉറപ്പിക്കാനും വാര്‍ണറിനായി. ആറ് തവണയാണ് വാര്‍ണര്‍ 160-170 ഇടയില്‍ റണ്‍സടിച്ചത്.

ഏകദിനത്തില്‍ ഏറ്റവുമധികം –

100s – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49)
110s – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (37)
120s – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (25)
130s – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ (16 തവണ വീതം)
140s – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (12)
150s – രോഹിത് ശര്‍മ (8)
160s – ഡേവിഡ് വാര്‍ണര്‍ (6)
170s – രോഹിത് ശര്‍മ (4)
180s – രോഹിത് ശര്‍മ, മാര്‍ട്ടിന്‍ ഗപ്ടില്‍, ഫഖര്‍ സമാന്‍ – (3 തവണ വീതം)
190s – രോഹിത് ശര്‍മ (3)
200s – രോഹിത് ശര്‍മ (3)

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഗോട്ട് ഓപ്പണറാണ് താനെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിച്ച ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ഇതിന് ശേഷം ഓസീസ് നിരയിലിറങ്ങിയ താരങ്ങള്‍ക്കൊന്നും താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഓസീസ് 50 ഓവറില്‍ 367ന് ഒമ്പത് എന്ന നിലയിലേക്ക് വീണു.

പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി ഫൈഫര്‍ നേട്ടം കുറിച്ചപ്പോള്‍ ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് റൗഫ് നല്ലരീതിയില്‍ റണ്‍സ് വഴങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ഒസാമ മിറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: David Warner’s brilliant innings lead Australia to 367 against Pakistan

We use cookies to give you the best possible experience. Learn more