കരിയറില്‍ എപ്പോഴെങ്കിലും ഒരെണ്ണം കൂടി നേടാമായിരുന്നില്ലേ? ഇതിഹാസ നേട്ടത്തിന് തൊട്ടരികില്‍ വീണ് പടിയിറക്കം
Sports News
കരിയറില്‍ എപ്പോഴെങ്കിലും ഒരെണ്ണം കൂടി നേടാമായിരുന്നില്ലേ? ഇതിഹാസ നേട്ടത്തിന് തൊട്ടരികില്‍ വീണ് പടിയിറക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 9:38 am

അവസാന ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഡേവിഡ് വാര്‍ണര്‍ തന്റെ റെഡ് ബോള്‍ കരിയറിന് വിരാമിട്ടത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 57 റണ്‍സ് നേടി നില്‍ക്കവെ സാജിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് വാര്‍ണര്‍ മടങ്ങുന്നത്.

കരിയറിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ട് വാര്‍ണര്‍ വിരമിക്കണമെന്ന് ആഗ്രഹിച്ച ആരാധകര്‍ക്കായി നൂറടിക്കാന്‍ സാധിച്ചില്ലെങ്കിലും അവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തി തന്നെയാണ് വാര്‍ണര്‍ പടിയിറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഒരു സെഞ്ച്വറിയകലെ വാര്‍ണറിന് നഷ്ടപ്പെട്ടത് ഒരു ഐതിഹാസിക നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറിയെന്ന റെക്കോഡാണ് താരത്തിന് നഷ്ടമായത്. നിലവില്‍ 49 സെഞ്ച്വറി നേട്ടങ്ങളാണ് വാര്‍ണറിന്റെ പേരിലുള്ളത്. ഈ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് വാര്‍ണര്‍ അവസാനമായി സെഞ്ച്വറി നേടിയത്.

 

ടെസ്റ്റ് ഫോര്‍മാറ്റില്‍ 26 സെഞ്ച്വറി നേടിയ വാര്‍ണര്‍ ഏകദിനത്തില്‍ 22 തവണയും നൂറ് തികച്ചിട്ടുണ്ട്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഒരിക്കലാണ് ഓസ്‌ട്രേലിയയുടെ വിശ്വസ്ത ഓപ്പണര്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

ഒരു സെഞ്ച്വറിയകലെ താരത്തിന് നഷ്ടപ്പെട്ടത് മറ്റുപല റെക്കോഡുകളും കൂടിയാണ്. അന്താരാഷ്ട്ര തലത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഒമ്പതാമത് താരം, റിക്കി പോണ്ടിങ്ങിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസീസ് താരം തുടങ്ങിയ നേട്ടങ്ങളും ഇതോടെ വാര്‍ണറിന്റെ പേരില്‍ കുറിക്കപ്പെടാതെ പോയി.

 

 

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 100

വിരാട് കോഹ്‌ലി – ഇന്ത്യ – 80*

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 71

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 63

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 62

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 55

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 54

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 53

ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ – 49

ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ചുവന്നേക്കാമെന്ന സൂചനകളും താരം നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം 50ാം സെഞ്ച്വറി നേട്ടത്തില്‍ വാര്‍ണറെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും വിജയിച്ച് ഓസീസ് പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ഒപ്റ്റസ് സ്റ്റേഡിയത്തിലും മെല്‍ബണിലും ആവര്‍ത്തിച്ച അതേ മികവ് സിഡ്‌നിയിലും ആവര്‍ത്തിച്ചപ്പോള്‍ 3-0നാണ് ഓസീസ് വിജയിച്ചുകയറിയത്.

മൂന്നാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയതിന് ശേഷമാണ് ഓസീസ് തിരിച്ചടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

68ന് ഏഴ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച പാകിസ്ഥാന്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. നഥാന്‍ ലിയോണും പാറ്റ് കമ്മിന്‍സുമാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും അതിവേഗം പിഴുതെറിഞ്ഞത്.

രണ്ടാം ഇന്നിങ്സില്‍ 33 റണ്‍സ് നേടിയ സയിം അയ്യൂബാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

130 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആറ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഉസ്മാന്‍ ഖവാജ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വാര്‍ണര്‍ – മാര്‍നസ് ലബുഷാന്‍ സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

 

 

Content highlight: David Warner retired after not being able to complete  50 centuries in international cricket