Cricket
അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല, ടെസ്റ്റിലാണ് എല്ലാ ഫോക്കസും; ജോണ്‍സന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 08, 08:04 am
Friday, 8th December 2023, 1:34 pm

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി അടുത്തിടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പന്ത് ചുരണ്ടല്‍ വിവാദത്തെകുറിച്ചായിരുന്നു വാര്‍ണറിനെതിരെ ജോണ്‍സണ്‍ന്റെ വിമര്‍ശനം.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ വാര്‍ണറിന് സിഡ്നിയില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റിലെ വിടവാങ്ങല്‍ മത്സരത്തിന് അര്‍ഹതയില്ലെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്.

ഇപ്പോള്‍ മിച്ചല്‍ ജോണ്‍സന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവസാന മത്സരത്തെക്കുറിച്ച് എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വാര്‍ണറിന്റെ പ്രതികരണം.

‘ഓരോ വ്യക്തികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അര്‍ഹതയുണ്ട്. ഞാന്‍ മുന്നോട്ട് പോവാനാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാര്‍ണറിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

2018 കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പന്തില്‍ സാന്റ്പേപ്പര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ വിലക്കിയിരുന്നു.

അതേസമയം വിവാദ പരാമര്‍ശം നടത്തിയ മിച്ചല്‍ ജോണ്‍സണെ പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള കമന്ററി പാനലില്‍ നിന്നും പുറത്താക്കി.

ഡിസംബര്‍ 14നാണ് പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ഒപ്റ്റ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: David Warner reacts to Mitchell Johnson criticism.