ഓസ്‌ട്രേലിയന്‍ കളിക്കാര്‍ അഹങ്കാരികള്‍ ആണെന്നതിനെതിരെ പ്രതികരിച്ച് ഡേവിഡ് വാര്‍ണര്‍
Sports News
ഓസ്‌ട്രേലിയന്‍ കളിക്കാര്‍ അഹങ്കാരികള്‍ ആണെന്നതിനെതിരെ പ്രതികരിച്ച് ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 11:01 pm

2023 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. വിജയത്തിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ രോഷത്തെ അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു.

ലോകകപ്പ് കിരീടത്തിന്റെ മുകളില്‍ മിച്ചല്‍ മാര്‍ഷ് തന്റെ കാലുകള്‍ കയറ്റി വെച്ചതിനെതിരെ നിരവധി പേരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെയും അവരുടെ കുടുംബത്തെയും ചീത്ത വിളിച്ചത്. അതിനിടെ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അഹങ്കാരികള്‍ ആണെന്ന് പറഞ്ഞതിന് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

‘ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മുന്‍കാലങ്ങളില്‍ അഹങ്കാരികള്‍ ആയിരുന്നു, എന്നാല്‍ ഈ ലോകകപ്പ് നേടിയശേഷം അവര്‍ കൂടുതല്‍ അഹങ്കാരികള്‍ ആകും,’ ഇങ്ങനെയായിരുന്നു ഡേവിഡ് വാര്‍ണര്‍ക്ക് എതിരെ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ താരം മറുപടിയും എഴുതിയിരിക്കുകയാണിപ്പോള്‍.

‘നിങ്ങള്‍ അങ്ങനെ ഏതെങ്കിലും താരത്തെ കണ്ടോ അതോ കീബോര്‍ഡില്‍ എന്തെങ്കിലും ഇടാനുള്ള അവസരമാണോ ഇത്,’ അദ്ദേഹം ട്വിറ്ററില്‍ എഴുതി.

നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമായി നടക്കുന്ന ടി-ട്വന്റി മത്സരത്തില്‍ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് നേതൃത്വം ഏറ്റെടുത്ത ആദ്യ പരമ്പരയില്‍ തന്നെ മിന്നും വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇനി അവശേഷിക്കുന്ന ഒരു മത്സരം ഡിസംബര്‍ മൂന്നിന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

 

Content Highlight: David Warner React On Australian players being arrogant