നാലു വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ അടിച്ച വാര്‍ണറും അടി കൊണ്ട റൂട്ടും ഇന്ന് നേര്‍ക്കുനേര്‍; എന്തിനായിരുന്നു റൂട്ടിനെ തല്ലിയതെന്ന് വാര്‍ണര്‍ പറയുന്നു; വീഡിയോ
ലണ്ടന്‍: ക്രിക്കറ്റ് വികാരഭരിതമായ കളിയാണ്. അതുകൊണ്ട് പലപ്പോഴും താരങ്ങള്‍ നിയന്ത്രണം വിട്ടു പെരുമാറിയെന്നു വരാം. കലി മൂത്ത് താരങ്ങള്‍ പരസ്പരം കോര്‍ക്കുന്നതും തല്ലുകൂടുന്നതുമെല്ലാം നാം ഒരുപാട് കണ്ടിട്ടുമുണ്ട്. ചില താരങ്ങള്‍ അടിയോടെ വിസ്മൃതിയിലേക്ക് മായും. ചിലര്‍ അതോടങ്ങ് നന്നാകും.
അങ്ങനെ അടി “കൊടുത്തു” നന്നായതിന്റെ കഥയാണ് ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കു പറയാനുള്ളത്. ഇന്നു ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ വാര്‍ണര്‍ക്ക് ആ സംഭവങ്ങളുടെ ഓര്‍മയുണരും. കാരണം നാലു വര്‍ഷം മുന്‍പ് ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിനിടെയായിരുന്നു ബര്‍മിങ്ങാമിലെ ബാറില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് ജോ റൂട്ടിനെ വാര്‍ണര്‍ തല്ലിയത്.
ഒരു വിഗ്ഗുമായി ജോ റൂട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഹഷിം അംലയെ കളിയാക്കിയതാണു അടിപിടിയിലേക്കു കാര്യങ്ങള്‍ എത്തിച്ചതെന്നു പറയപ്പെടുന്നു. എന്നാല്‍ രോമം വളരാത്ത തന്റെ മുഖത്തെ ജോ റൂട്ട് സ്വയം കളിയാക്കിയതാണെന്ന് ഇംഗ്ലിഷ് താരങ്ങള്‍ വാദിക്കുന്നു. പക്ഷേ, അടിപിടിയുടെ പിന്നിലെ കാരണങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല.
“ആ സംഭവം എനിക്കൊരു പാഠമായിരുന്നു. അന്നു ഞാന്‍ ചെറുപ്പമായിരുന്നു. ഇപ്പോള്‍ പ്രായമായി. കല്യാണം കഴിച്ചു. രണ്ടു കുട്ടികളുണ്ട്. അതിന്റേതായ പക്വതയുണ്ട്. ആ സംഭവം എന്റെ ജീവിതത്തില്‍ നിര്‍ണായകമായി. ക്രിക്കറ്റ് താരം എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും മാറ്റം വന്നു.” വാര്‍ണര്‍ പറഞ്ഞു.
അമിതമായി മദ്യപിക്കുന്ന തന്നെക്കുറിച്ചുള്ള മോശം പ്രതിച്ഛായ മൂലമാണ് ആ ചര്‍ച്ച നടക്കാത്തതെന്നു വാര്‍ണര്‍ കരുതുന്നു. ” ആരാണു ശരിയെന്നും തെറ്റെന്നും ജനങ്ങള്‍ അങ്ങനെ ചൂഴ്ന്നു നോക്കാറില്ല. അതെല്ലാം കഴിഞ്ഞകാല സംഭവങ്ങള്‍. കായികജീവിതം അവസാനിപ്പിക്കുമ്പോള്‍ എനിക്കു സന്തോഷത്തോടെ പറയാന്‍ ഒരു കഥമാത്രം.” വാര്‍ണര്‍ പറയുന്നു. ഇന്നു ജോ റൂട്ടിനെ കാണുമ്പോള്‍ എന്താവും പ്രതികരണം “” ഞാന്‍ സന്തോഷത്തോടെ അദ്ദേഹത്തിനു കൈകൊടുക്കും.”” വാര്‍ണര്‍ പറഞ്ഞു.