| Sunday, 9th October 2022, 11:17 am

ഞങ്ങള്‍ക്കായി ദൈവം തമ്പുരാന്‍ അയച്ചതാ ഇവനെ; സൂപ്പര്‍ താരത്തെ വാനോളം പുകഴ്ത്തി ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരൊന്നാകെ. കഴിഞ്ഞ വര്‍ഷം തങ്ങളുടെ പോര്‍ട്‌ഫോളിയോയിലേക്ക് ആദ്യമായി ടി-20 ലോകകപ്പും ചേര്‍ത്തുവെച്ച ഓസീസ് 2022ല്‍ കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ലോകകപ്പിന് മുമ്പുള്ള പരമ്പരകളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഓസീസ് ലോകകപ്പിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഓസീസ് സ്വന്തമാക്കിയത്.

ടി-20 ലോകകപ്പ് അടുത്ത് വരവെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ഓസീസ് ഓപ്പണറും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍.

സിംഗപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് കഴിഞ്ഞ മാസമാണ് ഓസീസിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഐ.പി.എല്ലിലെയും മറ്റ് ഗ്ലോബല്‍ ടി-20 ടൂര്‍ണമെന്റുകളിലെയും മികച്ച പ്രകടനമാണ് താരത്തെ ഓസീസ് ടീമിലേക്കെത്തിച്ചത്. ടീമിന്റെ മിഡില്‍ ഓര്‍ഡറിലെ കരുത്താണ് നിലവില്‍ ടിം ഡേവിഡ്.

ഇതിനിടെയാണ് വാര്‍ണര്‍ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. ടിം ഡേവിഡിനെ ദൈവം അയച്ചതാണെന്നും ടീമില്‍ മികച്ച ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിനാവുന്നുണ്ടെന്നും വാര്‍ണര്‍ പറയുന്നു.

‘അവന്‍ ഞങ്ങളുടെ ടീമിലുണ്ട്. അതൊരു ദൈവാനുഗ്രഹം തന്നെയാണ്. അവന്‍ മികച്ച താരമാണ്. അവന്റെ പവര്‍ ചില്ലറയൊന്നുമല്ല. അവന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. അവന്റെ ഉയരവും ശക്തിയും ടീമിന് ഗുണമാണ്,’ വാര്‍ണര്‍ പറയുന്നു.

ഓസീസിനൊപ്പം മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. ഓസിസില്‍ കരിയര്‍ കെട്ടിപ്പടുക്കാനൊരുങ്ങുന്ന ഡേവിഡിനെ സംബന്ധിച്ച് ഈ ലോകകപ്പ് ഏറെ നിര്‍ണായകമാണ്.

ഓസീസിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നാല് പന്ത് നേരിട്ട ഡേവിഡ് പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ് 20 പന്തില്‍ നിന്നും 42 റണ്‍സാണ് സ്വന്തമാക്കിയത്.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ഡേവിഡ് കത്തിക്കയറിയത്. ഹൈദരാബാദില്‍ വെച്ച് നടന്ന മത്സരത്തില്‍ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഫിഫ്റ്റിയായിരുന്നു താരം ഇന്ത്യക്കെതിരെ നേടിയത്.

ഓസ്ട്രേലിയന്‍ ടീം:

ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം.

Content highlight: David Warner praises Tim David

We use cookies to give you the best possible experience. Learn more