ബോക്‌സിങ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ മികച്ച രീതിയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 241 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.
മിച്ചല്‍ മാര്‍ഷിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സ്മിത് 176 പന്തില്‍ നിന്നും 50 റണ്‍സ് നേടിയപ്പോള്‍ 130 പന്തില്‍ നിന്നും 96 റണ്‍സാണ് മാര്‍ഷ് നേടിയത്.
ഒരുവേള 16ന് നാല് എന്ന നിലയില്‍ ഉഴറി നില്‍ക്കവെ സ്മിത്തും മാര്‍ഷും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കങ്കാരുക്കള്‍ക്ക് തുണയായത്. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 169ലാണ്.
ഇരുവരുടെയും ചെറുത്ത് നില്‍പ് എന്നതിനേക്കാള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഫാന്‍സ് കണ്ണുനീര്‍ പൊഴിച്ച ദിവസം കൂടിയായിരുന്നു ഇത്. മെല്‍ബണിലെ അവസാന മത്സരമാണ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ കളിക്കുന്നത് എന്നതാണ് ആരാധകരെ വികാരഭരിതരാക്കിയത്. വാര്‍ണറിന്റെ കരിയറിനെ തന്നെ ഡിഫൈന്‍ ചെയ്ത സ്റ്റേഡിയങ്ങളില്‍ ഒന്നാണ് മെല്‍ബണ്‍.
ഈ പരമ്പരയോടുകൂടി അന്താരാഷ്ട്ര കരിയറിന് ഡേവിഡ് വാര്‍ണര്‍ പൂര്‍ണവിരാമമിടുകയാണ്. ബാഗി ഗ്രീനിന്‍ വാര്‍ണര്‍ ഇനി മെല്‍ബണില്‍ കാലുകുത്തില്ല.
അന്താരാഷ്ട്ര ടി-20യില്‍ വാര്‍ണര്‍ അരങ്ങേറ്റം കുറിച്ചത് മെല്‍ബണിലായിരുന്നു. 912 ടെസ്റ്റ് റണ്‍സുകളാണ് വാര്‍ണര്‍ എം.സി.ജിയില്‍ സ്വന്തമാക്കിയത്.
എന്നാല്‍ മെല്‍ബണിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വാര്‍ണറിന് സാധിച്ചിരുന്നില്ല. 16 പന്ത് നേരിട്ട് ആറ് റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. മിര്‍ ഹംസയാണ് വിക്കറ്റ് നേടിയത്.
തന്റെ വിടവാങ്ങല്‍ മത്സരം സിഡ്‌നിയില്‍ വേണമെന്ന് വാര്‍ണര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ മൂന്നാം ടെസ്റ്റിലും താരം ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാകും.
കരിയറില്‍ 110 ടെസ്റ്റ് മത്സരങ്ങളിലെ 201 ഇന്നിങ്‌സിലാണ് വാര്‍ണര്‍ കങ്കാരുക്കള്‍ക്കായി ബാറ്റേന്തിയത്. 44.82 ആവറേജിലും 70.47 സ്‌ട്രൈക്ക് റേറ്റിലും 8,651 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറായ വാര്‍ണര്‍ 26 സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2019ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 335 റണ്‍സാണ് റെഡ് ബോള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പത്താമത് സ്‌കോറും ഇതാണ്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസ് 187ന് ആറ് എന്ന നിലയിലാണ്. 42 പന്തില്‍ 16 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് ക്രീസില്‍. മൂന്നാം ദിവസത്തെ അവസാന പന്തില്‍ ഷഹീന്‍ അഫ്രിദി സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ മിര്‍ ഹംസ, ഷഹീന്‍ ഷാ അഫ്രിദി എന്നിവര്‍ പാകിസ്ഥാനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: David Warner plays his last game in MCG