വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. നേരത്തെ നടന്ന ഏകദിന പരമ്പര സ്വന്തമാക്കിയ ആതിഥേയര്‍ ടി-20 പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബ്ലണ്ട് സ്റ്റോണ്‍ അരീനയില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഓസീസ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ജോഷ് ഇംഗ്ലിസിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
വാര്‍ണറിനെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. കരിയറിലെ നൂറാമത് അന്താരാഷ്ട്ര ടി-20 മത്സരത്തിനാണ് വാര്‍ണര്‍ കളത്തിലിറങ്ങുന്നത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത് മാത്രം താരം എന്ന നേട്ടമാണ് വാര്‍ണറിനെ തേടിയെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍, ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 112 മത്സരത്തില്‍ ബാഗീ ഗ്രീന്‍ അണിഞ്ഞ വാര്‍ണര്‍ 161 ഏകദിനത്തിലും കങ്കാരുക്കള്‍ക്കായി ബാറ്റേന്തിയിരുന്നു. ഇപ്പോള്‍ നൂറ് അന്താരാഷ്ട്ര ടി-20 എന്ന കരിയറിലെ സുപ്രധാന നേട്ടവും വാര്‍ണര്‍ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.
തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ച്വറിയും നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു.
2017ല്‍ ഇന്ത്യക്കെതിരെയാണ് വാര്‍ണര്‍ തന്റെ നൂറാം ഏകദിനം കളിച്ചത്. മത്സരത്തില്‍ 119 പന്ത് നേരിട്ട താരം 124 റണ്‍സ് നേടിയാണ് മടങ്ങിയത്. വാര്‍ണറിന്റെ കരുത്തില്‍ ഓസീസ് 334 റണ്‍സ് നേടുകും 21 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. വാര്‍ണറിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.
2022ല്‍ സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാര്‍ണര്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 182 റണ്‍സിനും ജയിച്ച മത്സരത്തില്‍ 200 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. മത്സരത്തിലെ താരവും വാര്‍ണര്‍ തന്നെയായിരുന്നു.
നൂറാം ടി-20യില്‍ നൂറടിച്ച് റെക്കോഡിടാന്‍ ഒരുങ്ങിയ വാര്‍ണറിന് എന്നാല്‍ ആ നേട്ടത്തിലെത്താന്‍ സാധിച്ചില്ല. എങ്കിലും മികച്ച രീതിയില്‍ ബാറ്റ് വീശി വെടിക്കെട്ട് നടത്തിയാണ് താരം തിരിച്ചുനടന്നത്.
നൂറാം ടി-20യില്‍ 36 പന്ത് നേരിട്ട വാര്‍ണര്‍ 70 റണ്‍സാണ് നേടിയത്. 12 ഫോറും ഒരു ബൗണ്ടറിയും അടക്കം 194.44 എന്ന സ്‌ട്രൈക്ക് റ്റേിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ അല്‍സാരി ജോസഫിന്റെ പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കി മൂന്നാം വിക്കറ്റായാണ് വാര്‍ണര്‍ മടങ്ങിയത്.
നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 147ന് നാല് എന്ന നിലയിലാണ്. ഒരു പന്തില്‍ ഒരു റണ്ണുമായി ടിം ഡേവിഡും നാല് പന്തില്‍ ഏഴ് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.
Content highlight: David Warner plays his 100th T20I match