കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന പോരാട്ടം. ഡേവിഡ് വാര്‍ണര്‍ തന്റെ പഴയ ടീമിനോടേറ്റുമുട്ടുന്ന കാഴ്ച കാണാന്‍ എല്ലാ ടീമിന്റേയും ആരാധകര്‍ ഒരുപോലെ കണ്‍പാര്‍ത്തിരുന്നു.
വാര്‍ണറും സണ്‍റൈസേഴ്‌സും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ ഐ.പി.എല്ലിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. താരത്തെ ടീമില്‍ നിന്നും പുറത്താക്കിയതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മനസിലുള്ളതുകൊണ്ട് തന്നെയാണ് ആരാധകര്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തിനായി കാത്തിരുന്നത്.
തന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെയായിരുന്നു വാര്‍ണറിന്റെ പ്രകടനം. മുന്നില്‍ കണ്ടതെല്ലാം തച്ചുതകര്‍ക്കുന്ന ഒറ്റക്കൊമ്പനെ പോലെയായിരുന്നു വാര്‍ണര്‍. സണ്‍റൈസേഴ്‌സിനോടുള്ള എല്ലാ ദേഷ്യവും ഒറ്റ മത്സരത്തില്‍ തന്നെ തീര്‍ത്ത പ്രതീതിയായിരുന്നു ആരാധകര്‍ക്ക്.
പടക്കളത്തില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ലെന്ന കവിവചനം പോലെ വാര്‍ണറിന്റെ ബാറ്റിന്റെ ചൂടറിയാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. വാര്‍ണര്‍ അല്‍പമെങ്കിലും ബഹുമാനം കാണിച്ചത് ഭുവനേശ്വര്‍ കുമാറിനോട് മാത്രമായിരുന്നു. മറ്റെല്ലാ ബൗളര്‍മാരും തന്നെ ‘വരുന്നു അടിവാങ്ങുന്നു പോവുന്നു റിപ്പീറ്റ്’ എന്നതായിരുന്നു അവസ്ഥ.
58 പന്തില്‍ നിന്നും 12 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 92 റണ്‍സായിരുന്നു താരം നേടിയത്. വാര്‍ണറിന് മികച്ച പിന്തുണയുമായി മറുവശത്ത് കരീബിയന്‍ കരുത്തായ റോവ്മാന്‍ പവലും ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.
വാര്‍ണര്‍ ബൗണ്ടറിയടിച്ച് റണ്‍റേറ്റുയര്‍ത്തിയപ്പോള്‍ ഒന്നിന് പിറകെ ഒന്ന് എന്ന രീതിയില്‍ സിക്‌സറടിച്ചായിരുന്നു പവല്‍ കരീബിയന്‍ ക്രിക്കറ്റിന്റെ മാന്ത്രികത കാണികള്‍ക്ക് കാണിച്ചുകൊടുത്തത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ ഒന്നുകൂടി സജീവമാക്കാനും ക്യാപ്പിറ്റല്‍സിനായി.
Content highlight: David Warner knocks Sunrisers Hyderabad out of the Park