| Friday, 9th February 2024, 4:11 pm

ഈ ചരിത്രനേട്ടം വെറും മൂന്ന് പേര്‍ക്ക്, അതില്‍ ചരിത്രം കുറിച്ചതാകട്ടെ വാര്‍ണര്‍ മാത്രം; ടെയ്‌ലറും വിരാടും ഇനി വാര്‍ണറിന് പിന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ടി-20 കരിയറിലെ നൂറാം അന്താരാഷ്ട്ര മത്സരത്തിനാണ് ഡേവിഡ് വാര്‍ണര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ബ്ലണ്ട് സ്‌റ്റോണ്‍ അരീനയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് വാര്‍ണര്‍ കരിയറിലെ നൂറാം ടി-20 കളിക്കുന്നത്.

ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നൂറ് അന്താരാഷ്ട്ര മത്സരം കളിക്കുന്ന മൂന്നാമത് താരം എന്ന നേട്ടമാണ് വാര്‍ണര്‍ തന്റെ പേരില്‍ കുറിച്ചത്. 2020ല്‍ നൂറാം ടെസ്റ്റ് മത്സരം കളിച്ചതിന് പിന്നാലെ കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലറാണ് നേട്ടത്തിലാദ്യമെത്തിയത്. ശേഷം വിരാട് കോഹ്‌ലിയും മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരം കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കി.

എന്നാല്‍ ടെയ്‌ലറിനും വിരാടിനും സാധിക്കാതെ പോയ ഒരു തകര്‍പ്പന്‍ നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലെയും നൂറാം മത്സരത്തില്‍ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന ഏക താരമെന്ന ഐതിഹാസിക നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

ഇന്ന് വിന്‍ഡീസിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വാര്‍ണറിനെ തേടി ഈ നേട്ടമെത്തിയത്. മത്സരത്തില്‍ 36 പന്ത് നേരിട്ട വാര്‍ണര്‍ 70 റണ്‍സ് നേടിയാണ് മടങ്ങിയത്.

ഇതിന് പുറമെ തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ച്വറിയും നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു.

2017ല്‍ ഇന്ത്യക്കെതിരെയാണ് വാര്‍ണര്‍ തന്റെ നൂറാം ഏകദിനം കളിച്ചത്. മത്സരത്തില്‍ 119 പന്ത് നേരിട്ട താരം 124 റണ്‍സ് നേടിയാണ് മടങ്ങിയത്. വാര്‍ണറിന്റെ കരുത്തില്‍ ഓസീസ് 334 റണ്‍സ് നേടുകയും 21 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. വാര്‍ണറിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

2022ല്‍ സൗത്ത് ആഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് വാര്‍ണര്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയ ഇന്നിങ്സിനും 182 റണ്‍സിനും ജയിച്ച മത്സരത്തില്‍ 200 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. മത്സരത്തിലെ താരവും വാര്‍ണര്‍ തന്നെയായിരുന്നു.

2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് വിരാട് തന്റെ നൂറാം അന്താരാഷ്ട്ര ഏകദിനം കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദി ഓവലില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സാണ് വിരാട് നേടിയത്.

2022ല്‍ മൊഹാലിയില്‍ ശ്രീലങ്കക്കെതിരെയാണ് കരിയറിലെ നൂറാം അന്താരാഷ്ട്ര റെഡ് ബോള്‍ മത്സരത്തില്‍ വിരാട് കോഹ്‌ലി കളത്തിലിറങ്ങിയത്. 45 റണ്‍സാണ് നൂറാം ടെസ്റ്റില്‍ വിരാട് കണ്ടെത്തിയത്. 2022ലാണ് ടി-20യില്‍ വിരാട് നൂറാം മത്സരം പൂര്‍ത്തിയാക്കിയത്. ദുബായില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 35 റണ്‍സാണ് നേടിയത്.

2011 ഏകദിന ലോകകപ്പിലാണ് കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍ കരിയറിലെ നൂറാം ഏകദിനം എന്ന നാഴികക്കല്ല് പിന്നിട്ടത്. ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെനിയയായിരുന്നു കിവികളുടെ എതിരാളികള്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താരത്തിന് ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചിരുന്നില്ല.

2020ല്‍ ഇന്ത്യക്കെതിരെയാണ് ടെയ്‌ലര്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ നൂറാം മത്സരം കളിച്ചത്. 53 റണ്‍സ് നേടി സ്‌കോറിങ്ങില്‍ നിര്‍ണായകമായതും ടെയ്‌ലര്‍ തന്നെ. 2020ല്‍ സിഡ്‌നിയിലായിരുന്നു താരത്തിന്റെ നൂറാമത് അന്താരാഷ്ട്ര ടെസ്റ്റ് മത്സരം. ഓസീസിനെതിരായ മത്സരത്തില്‍ 44 റണ്‍സാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്.

Content highlight: David Warner is the only batter to score 50+ score in 100th match in all format

Latest Stories

We use cookies to give you the best possible experience. Learn more