| Tuesday, 27th December 2022, 1:34 pm

ഒന്ന് ഡബിള്‍ സെഞ്ച്വറിയടിച്ചതാ, പിന്നെ കാണുന്നത് ഞൊണ്ടിയുള്ള നടപ്പും; പണി വാങ്ങിച്ചുകൂട്ടി വാര്‍ണര്‍; വീഡിയോ പങ്കുവെച്ച് ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് തേരോട്ടം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ 368 റണ്‍സാണ് കങ്കാരുക്കള്‍ നേടിയത്. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് 197 റണ്‍സിന്റെ ലീഡുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയെ 189 റണ്‍സിന് ചുരുട്ടിക്കെട്ടി ഓസീസ് ബോളര്‍മാര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റര്‍മാരും കളം നിറഞ്ഞാടി.

ഡേവിഡ് വാര്‍ണറായിരുന്നു കങ്കാരുക്കളെ മികച്ച നിലയിലെത്തിച്ചത്. 254 പന്തില്‍ നിന്നും 16 ഫോറും രണ്ട് സിക്‌സുകളുമടക്കം വെടിക്കെട്ട് ബാറ്റിങ് നടത്തിയാണ് വാര്‍ണര്‍ ഈ കൂറ്റന്‍ സ്‌കോര്‍ നേടിയത്. തന്റെ കരിയറിലെ നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ സാധിച്ചു എന്ന അപൂര്‍വ നേട്ടവും താരം ഇതോടെ സ്വന്തമാക്കി.

ലോകക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പത്താം താരവും രണ്ടാമത്തെ മാത്രം ഓസീസ് താരവുമാണ് വാര്‍ണര്‍. റിക്കി പോണ്ടിങ് ആണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയന്‍ താരം. കൂടാതെ ടെസ്റ്റില്‍ 8000, റണ്‍സ് തികച്ച എട്ടാം ഓസ്‌ട്രേലിയന്‍ താരമായും വാര്‍ണര്‍ മാറി.

അവസാന 27 ഇന്നിങ്‌സില്‍ നിന്നും നാല് അര്‍ധസെഞ്ച്വറി മാത്രം നേടി ഫോം ഔട്ടിലായിരുന്ന താരത്തിന്റെ മികച്ച പ്രകടനത്തില്‍ ആരാധകരും സന്തോഷത്തിലാണ്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും വാര്‍ണറിന്റെ ഇരട്ട സെഞ്ച്വറി താരത്തിന് എട്ടിന്റെ പണിയാണ് കൊടുത്തത്. ഇരട്ട സെഞ്ച്വറി നേടിയതിന്റെ ആവേശം അതിരുകടന്നപ്പോള്‍ പരിക്ക് പറ്റി താരത്തിന് റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തുപോകേണ്ടി വരികയായിരുന്നു.

ലുന്‍ഗി എന്‍ഗിഡിയെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ച് ഇരട്ട സെഞ്ച്വറി നേടിയ വാര്‍ണര്‍ ആവേശത്തില്‍ അല തല്ലിയിരുന്നു. ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് ആഘോഷിച്ച് വാര്‍ണര്‍ തന്റെ ഐക്കോണിക് ലീപ് ഔട്ട് സെലിബ്രേഷന്‍ നടത്തിയതോടെയാണ് പണി പാളിയത്.

സന്തോഷമടക്കാനാവാതെ ഉയര്‍ന്നു ചാടിയ വാര്‍ണറിന് ലാന്‍ഡിങ് പിഴക്കുകയും കണങ്കാലിന് പരിക്കേല്‍ക്കുകയുമായിരുന്നു. സെലിബ്രേഷന് പിന്നാലെ താരം വേദന കൊണ്ട് കുനിഞ്ഞുപോവുകയായിരുന്നു. വാര്‍ണര്‍ ഏറെ സന്തോഷത്തോടെ സഹിക്കുന്ന വേദന എന്നായിരുന്നു കമന്റേറ്റര്‍മാര്‍ താരത്തിന്റെ പരിക്കിനെ വിശേഷിപ്പിച്ചത്.

വാര്‍ണറിന് പുറമെ സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം നടത്തിയിരുന്നു. 161 പന്തില്‍ നിന്നും 85 റണ്‍സാണ് താരം നേടിയത്.

ട്രാവിസ് ഹെഡും അലെക്‌സ് കാരിയുമാണ് കങ്കാരുപ്പടക്കായി നിലവില്‍ ക്രീസിലുള്ളത്. ഹെഡ് 48 പന്തില്‍ നിന്നും 48 റണ്‍സ് നേടിയപ്പോള്‍ കാരി 22 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി.

വാര്‍ണറിന് പുറമെ കാമറൂണ്‍ ഗ്രീനും റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. 20 പന്തില്‍ നിന്നും ആറ് റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ഗ്രീനിന്റെ മടക്കം.

ആദ്യ ടെസ്റ്റ് ആധികാരികമായി സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക് നിലവില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

Content Highlight: David Warner injured himself after double century celebration

We use cookies to give you the best possible experience. Learn more