ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനാണ് സാധിച്ചത്.
മത്സരത്തില്‍ ദല്‍ഹിയുടെ ടോപ് സ്‌കോറര്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. 34 പന്തില്‍ 49 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് വാര്‍ണര്‍ അടിച്ചെടുത്തത്. 144.12 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ 100 സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ നേടിയ മൂന്ന് സിക്‌സുകളോടെ പവര്‍പ്ലെയില്‍ 101 സിക്‌സുകളാണ് ഓസ്‌ട്രേലിയന്‍ താരം അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ആണ്. 143 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്.
വാര്‍ണറിന് പുറമേ ട്രിസ്റ്റണ്‍ സ്റ്റബ്സ് 23 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തിയെങ്കിലും 12 റണ്‍സകലെ ദല്‍ഹിക്ക് വിജയം നഷ്ടമാവുകയായിരുന്നു.
അതേസമയം രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആയിരുന്നു. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും ആണ് താരം നേടിയത്. 186.67 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
രാജസ്ഥാന്‍ ബൗളിങ്ങില്‍ നാന്ധ്ര ബര്‍ഗര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് നേടിയത് ആവേഷ് ഖാന്‍ ആയിരുന്നു.
മാര്‍ച്ച് 31ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. വിശാഖപട്ടണത്തിലാണ് മത്സരം നടക്കുക.
Content Highlight: David Warner hit 100 six in IPL Powerplay