വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന ടി-20 മത്സരം ഡേവിഡ് വാര്‍ണറിന്റെ ഓസ്‌ട്രേലിയന്‍ മണ്ണിലെ അവസാന മത്സരം കൂടിയായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വാര്‍ണര്‍ പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 49 പന്ത് നേരിട്ട് 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഒമ്പത് ബൗണ്ടറിയും മൂന്ന് തകര്‍പ്പന്‍ സിക്‌സറും അടക്കം 165.31 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വാര്‍ണറിന്റെ വെടിക്കെട്ട്.
ഈ ഇന്നിങ്‌സിന് പിന്നാലെ രണ്ട് ഐതിഹാസിക നേട്ടങ്ങളാണ് വാര്‍ണറിനെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരം, ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം എന്നീ നേട്ടങ്ങളാണ് വാര്‍ണര്‍ തന്റെ പേരില്‍ കുറിച്ചത്.
വിന്‍ഡീസിനെതിരെ 48 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ടി-20യിലെ 12,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് വാര്‍ണറെത്തിയത്. 368 ഇന്നിങ്‌സില്‍ നിന്നും 37.13 എന്ന ശരാശരിയിലും 140.13 എന്ന സ്‌ട്രൈക്ക് റേറ്റിലും 12,033 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.
ടി-20യില്‍ എട്ട് സെഞ്ച്വറിയും നൂറ് അര്‍ധ സെഞ്ച്വറിയും കുറിച്ച വാര്‍ണറിന്റെ ഉയര്‍ന്ന സ്‌കോര്‍ 135* ആണ്.
ഓസ്ട്രേലിയ, ഓസ്ട്രേലിയ എ, ദല്‍ഹി ക്യാപിറ്റല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ദുബായ് ക്യാപിറ്റല്‍സ്, ഡുര്‍ഹാം, മിഡില്‍സെക്സ്, ന്യൂ സൗത്ത് വെയ്ല്‍സ്, നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, സിഡ്നി സിക്സേഴ്സ്, സിഡ്നി തണ്ടര്‍, സില്‍ഹറ്റ് സിക്സേഴ്സ് എന്നിവര്‍ക്കായാണ് വാര്‍ണര്‍ ടി-20യില്‍ കളത്തിലിറങ്ങിയത്.
ടി-20യില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമാണ് വാര്‍ണര്‍.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – കളിച്ച ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 455 – 14,562
ഷോയ്ബ് മാലിക് – 492 – 13,096
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 576 – 12,625
അലക്‌സ് ഹെയ്‌സല്‍സ് – 434 – 12,089
ഡേവിഡ് വാര്‍ണര്‍ – 369 – 12,033
വിരാട് കോഹ്‌ലി – – 359 – 11,996
ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യിലെ 3,000 റണ്‍സ് എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ഓസീസ് താരവും ഏഴാമത് താരവുമാണ് വാര്‍ണര്‍.
ഓസ്‌ട്രേലിയക്കായി കളിച്ച 102 ഇന്നിങ്‌സില്‍ നിന്നും 3,067 റണ്‍സാണ് വാര്‍ണറിന്റെ സമ്പാദ്യം. 33.70 എന്ന ശരാശരിയിലും 142.51 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വാര്‍ണര്‍ സ്‌കോര്‍ ചെയ്യുന്നത്. ഒരു സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് രാജ്യന്തര തലത്തില്‍ വാര്‍ണര്‍ നേടിയത്.
അന്താരാഷട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 4,037
രോഹിത് ശര്‍മ – ഇന്ത്യ – 3,974
ബാബര്‍ അസം – പാകിസ്ഥാന്‍ – 3,698
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 3,531
പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 3,438
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 3,120
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 3,067
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 2,981
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2,927
കെയ്ന്‍ വല്യംസണ്‍ – ന്യൂസിലാന്‍ഡ് – 2,547
Content highlight: David Warner has acquired huge records in the T20 format