ധോണിയുടെ 5000നൊപ്പം ചരിത്രമാകാന്‍ വാര്‍ണറിന്റെ 6000; ഒരേ നേട്ടത്തിലേക്ക് ഗില്ലും ഹര്‍ദിക്കും; ഇത് റെക്കോഡുകള്‍ തകരുന്ന പോരാട്ടം
IPL
ധോണിയുടെ 5000നൊപ്പം ചരിത്രമാകാന്‍ വാര്‍ണറിന്റെ 6000; ഒരേ നേട്ടത്തിലേക്ക് ഗില്ലും ഹര്‍ദിക്കും; ഇത് റെക്കോഡുകള്‍ തകരുന്ന പോരാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th April 2023, 7:02 pm

ചൊവ്വാഴ്ച ഐ.പി.എല്ലില്‍ നടക്കാന്‍ പോകുന്ന ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് തകരാനും സൃഷ്ടിക്കപ്പെടാനും ഒരുങ്ങുന്നത്. ഒരു താരത്തിന്റെ പേരിലല്ല, മറിച്ച് രണ്ട് ടീമിലെയും വിവിധ താരങ്ങളുടെ പേരിലാണ് റെക്കോഡുകള്‍ കുറിക്കപ്പെടാന്‍ പോകുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ പേരിലാണ് ഇതിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന റെക്കോഡ് കുറിക്കപ്പെടാന്‍ പോകുന്നത്. ഐ.പി.എല്ലില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ വിദേശ താരം എന്ന റെക്കോഡിലേക്കാണ് മള്‍ട്ടിപ്പിള്‍ ടൈംസ് ഓറഞ്ച് ക്യാപ്പ് വിന്നര്‍ ഓടിയടുക്കുന്നത്.

നിലവില്‍ 5,937 റണ്‍സ് സ്വന്തമായുള്ള വാര്‍ണറിന് ഇന്ന് നടക്കുന്ന മത്സരത്തില്‍ 63 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഈ സ്വപ്ന നേട്ടത്തിലേക്ക് നടന്നുകയറാന്‍ സാധിക്കും.

 

ഇതിന് പുറമെ ക്രിക്കറ്റ് ലെജന്‍ഡ് ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡ് തകര്‍ക്കാനും വാര്‍ണറിന് വഴിയൊരുങ്ങുന്നുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ വിദേശ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് വാര്‍ണറിനെ കാത്തിരിക്കുന്നത്.

മുന്‍ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്സിനും പഞ്ചാബ് കിങ്സിനുമൊപ്പം ഗില്ലി സ്വന്തമാക്കിയ 35 വിജയങ്ങളുടെ റെക്കോഡ് തകര്‍ക്കാന്‍ വാര്‍ണറിന് ഒറ്റ വിജയം മാത്രം മതി.

ഐ.പി.എല്ലില്‍ 70 മത്സരത്തില്‍ ടീമുകളെ നയിച്ച വാര്‍ണറിന്റെ പേരില്‍ 35 വിജയവും 33 തോല്‍വിയുമാണുള്ളത്. രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ഗുജറാത്തിനിതെരായ ഈ മത്സരം വിജയിച്ച് ഗില്ലിയെ മറികടക്കുക എന്ന ലക്ഷ്യവും വാര്‍ണറിനുണ്ടാകും. ഇതോടെ ഐ.പി.എല്ലിലെ ഫിഫ്ത് മോസ്റ്റ് സക്സസ്ഫുള്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും വാര്‍ണറിനെ തേടിയെത്തും.

ഐ.പി.എല്ലില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ശുഭ്മന്‍ ഗില്ലും കണ്ണുനട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ 63 റണ്ണടിച്ച ഗില്ലിന് ദല്‍ഹിക്കെതിരായ മത്സരത്തില്‍ 37 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 2,000 റണ്‍സ് എന്ന മാര്‍ക്ക് പിന്നിടാന്‍ സാധിക്കും.

അതേസമയം, ഐ.പി.എല്ലിലിതുവരെ 1,971 റണ്‍സ് കണ്ടെത്തിയ ജി.ടി നായകന്‍ ഹര്‍ദിക് പണ്ഡ്യക്ക് ഈ മത്സരത്തില്‍ 29 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ 2,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാന്‍ സധിക്കും.

വിന്‍ഡീസ് കരുത്തന്‍ റോവ്മന്‍ പവലിന്റെ പേരിലും ഒരു റെക്കോഡ് കുറിക്കാന്‍ സധ്യതകളുണ്ട്. ക്യാപ്പിറ്റല്‍സിന്റെ മിഡില്‍ ഓര്‍ഡറിലെ കരുത്തന് 3,000 ടി-20 റണ്‍സ് എന്ന മാര്‍ക്കാണ് പിന്നിടാനുള്ളത്.

 

ഇതുവരെ ടി-20 ഫോര്‍മാറ്റില്‍ നിന്നും 2,940 റണ്‍സ് നേടിയ പവലിന് റെക്കോഡിലേക്കെത്താന്‍ ഇനി വേണ്ടത് 60 റണ്‍സാണ്. 12 അര്‍ധ സെഞ്ച്വറികളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

 

 

Content highlight: David Warner, Hardik Pandya and Shubman Gill to achieve diffremnt record in IPL