| Wednesday, 29th May 2024, 7:44 am

കൊടുങ്കാറ്റായി വാർണർ, ലോകകപ്പിന് മുമ്പേ ഒരു സാമ്പിൾ വെടിക്കെട്ട്; എതിരാളികൾ കരുതിയിരുന്നോ!

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി ഉള്ള പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. നമീബിയയെ ഏഴ് വിക്കറ്റുകള്‍ക്കാണ് കങ്കാരുപ്പട തകര്‍ത്തു വിട്ടത്.

ക്യൂന്‍ സ്പാര്‍ക്ക് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 10 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

21 പന്തില്‍ 54 റണ്‍സ് നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. 257.14 റേറ്റില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് വാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വര്‍ണറിന് സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങള്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 168 റണ്‍സ് ആണ് വാര്‍ണര്‍ നേടിയത്. 21 ആവറേജിലും 134.40 സ്‌ട്രൈക്ക് റേറ്റിലും ആണ് ഓസ്‌ട്രേലിയന്‍ താരം ബാറ്റ് വീശിയത്. ഇപ്പോഴിതാ ലോകകപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ വാര്‍ണര്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി.

ടിം ഡേവിഡ് 16 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 14 പന്തില്‍ 18 റണ്‍സും നേടി നിര്‍ണായകമായി.

ഓസ്‌ട്രേലിയയുടെ ബൗളിങ്ങില്‍ ആദം സാംപ മൂന്നു വിക്കറ്റും ജോസ് ഹെസല്‍വുഡ് രണ്ട് വിക്കറ്റും ടിം ഡേവിഡ്, നഥാന്‍ ഏലിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ നമീബിയന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

30 പന്തില്‍ 38 റണ്‍സ് നേടിയ സെയ്ന്‍ ഗ്രീന്‍ ആണ് നമീബയുടെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല.

മെയ് 31ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത വാം അപ്പ് മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ പപ്പുവ ന്യൂഗിയയാണ് നമീബയുടെ എതിരാളികള്‍.

ലോകകപ്പില്‍ ഓസ്‌ട്രേലിയയും നമീബിയയും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് പി യില്‍ ഇവര്‍ക്ക് പുറമേ ഇംഗ്ലണ്ട്, ഒമാന്‍, സ്‌കോട്‌ലാന്‍ഡ് എന്നീ ടീമുകളുമാണ് കിരീട പോരാട്ടത്തിനായി അണിനിരക്കുന്നത്.

Content Highlight: David Warner Great Performance Against Namibia

We use cookies to give you the best possible experience. Learn more