ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയക്ക് ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം 28 റൺസിന്റെ തകര്‍പ്പന്‍ ജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടുകയായിരുന്നു.
അര്‍ധസെഞ്ച്വറി നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് കരുത്തിലാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. 35 പന്തില്‍ പുറത്താവാതെ 55 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്.
ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. എട്ട് തവണയാണ് വാര്‍ണര്‍ ഫിഫ്റ്റി നേടിയത്. ഇതോടെ ഏഴുതവണ ഫിഫ്റ്റി നേടിയ ശ്രീലങ്കന്‍ ഇതിഹാസം മഹേള ജയവര്‍ധനെയെ മറികടക്കാനും വാര്‍ണറിന് സാധിച്ചു.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയ താരം, ടീം, അര്‍ധസെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍
വിരാട് കോഹ്‌ലി-ഇന്ത്യ-14
രോഹിത് ശര്‍മ-ഇന്ത്യ-10
ക്രിസ് ഗെയ്ല്‍-വെസ്റ്റ് ഇന്‍ഡീസ്-9
ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-8*
മഹേള ജയവര്‍ധനെ- ശ്രീലങ്ക-7
തിലകരത്‌ന ദില്‍ശന്‍-ശ്രീലങ്ക-6
അതേസമയം ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് തകര്‍പ്പന്‍ ഹാട്രിക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. കമ്മിന്‍സിന് പുറമെ ആദം സാംപ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായപ്പോള്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് കുറഞ്ഞ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.
ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോ 36 പന്തില്‍ 41 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 28 പന്തില്‍ 40 റണ്‍സ് നേടിയ തൗഹിദ് ഹൃദോയിയും നിര്‍ണായകമായ പ്രകടനമാണ് നടത്തിയത്.
Content Highlight: David Warner Great Performance against Bangladesh