| Friday, 22nd September 2017, 6:54 pm

'നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്'; എപ്പോള്‍ വേണമെങ്കിലും ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ പറ്റുമെന്ന് കുല്‍ദീപ്; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹാട്രിക്ക് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ മൂന്ന് ഓസീസ് താരങ്ങളെ തുടരെ തുടരെ കൂടാരം കയറ്റിയ കുല്‍ദീപ് കപില്‍ ദേവിനും ചേതന്‍ ശര്‍മ്മയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറുകയായിരുന്നു.

അതേസമയം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ചുള്ള കുല്‍ദീപിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തനിക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ വാര്‍ണര്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്നും അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും വാര്‍ണറുടെ വിക്കറ്റെടുക്കാന്‍ തനിക്ക് കഴിയുമെന്നുമായിരുന്നു കുല്‍ദീപിന്റെ പ്രസ്താവന.

” എനിക്കെതിരെ കളിക്കാന്‍ വാര്‍ണറിന് നല്ല സമ്മര്‍ദ്ദമാണ്. ഏത് സമയത്തും അതുകൊണ്ട് അയാളുടെ വിക്കറ്റെടുക്കാന്‍ എനിക്ക് കഴിയും. വാര്‍ണറിനെതിരെ പന്തെറിയുമ്പോള്‍ എനിക്ക് ഒട്ടും സമ്മര്‍ദ്ദമില്ലെന്നു മാത്രമല്ല ഞാനത് ഒരുപാട് ആസ്വദിക്കുകയും ചെയ്യുന്നു. വാര്‍ണറെ പുറത്താക്കുന്നത് ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. അതുകൊണ്ട് ഇനിയും അതിന് ശ്രമിച്ചു കൊണ്ടിരിക്കും.” എന്നായിരുന്നു കുല്‍ദീപിന്റെ പ്രസ്താവന.


Also Read:  ‘നിങ്ങള്‍ ഇവിടെ കാണിച്ച ഈ ചങ്കൂറ്റം ഉണ്ടല്ലോ, മിസ്റ്റര്‍ സൗബിന്‍ ഷാഹിര്‍.. അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍!’; ഹൃദയം തൊട്ട് സാജിദ് യഹിയ


കുല്‍ദീപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വാര്‍ണര്‍ രംഗത്തെത്തയിരിക്കുകയാണ്.

“കുല്‍ദീപിന്റെ ആത്മവിശ്വാസം എനിക്ക് ഇഷ്ടമായി. കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷെ സമ്മര്‍ദ്ദം എനിക്കല്ല അവനു തന്നെയാണ്. രണ്ട് ടെസ്റ്റും ഒമ്പത് ഏകദിനവും മാത്രമാണ് കുല്‍ദീപ് കളിച്ചിട്ടുള്ളത്. അതാണ് ഇത്ര ആത്മവിശ്വാസം. ഞാനും ചെറുപ്പമായിരുന്നപ്പോള്‍ ഇതുപോലൊക്കെ പറഞ്ഞിട്ടുണ്ട്. അതൊന്നും ഇന്ന് ഞാന്‍ പറയില്ല.” വാര്‍ണര്‍ പറയുന്നു.

നന്നായി പന്തെറിയുന്നുണ്ടെങ്കിലും ഇത്തരം പ്രസ്താവനകളിലൂടെ കുല്‍ദീപ് സ്വയം സമ്മര്‍ദ്ദത്തിലാവുകയാണെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more