ഓസ്‌ട്രേലിയയുടെ ചരിത്രപരമായ പാകിസ്ഥാന്‍ പര്യടനം തുടരുകയാണ്. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പാക് മണ്ണില്‍ പര്യടനത്തിനെത്തുന്നത്. മൂന്ന് ടെസ്റ്റും ഒരു ടി-20യുമാണ് ഓസീസിന്റെ പാക് ടൂറിലുള്ളത്.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 476 റണ്‍സിനായിരുന്നു പാക് നായകന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 271ന് 2 എന്ന നിലയിലാണ്.
വീറും വാശിയും നിറഞ്ഞ മത്സരത്തിലുപരി താരങ്ങള്‍ തമ്മിലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ദേഹത്ത് പന്തടിച്ച് വീണ ഓസീസ് താരത്തെ ശുശ്രൂഷിക്കാനായി ഓടിയെത്തിയ പാക് താരങ്ങളും മത്സരത്തിനിടയിലെ രസകരമായ നിമിഷങ്ങളും മാച്ചിനെ മറ്റൊരു ലെവലിലേക്കെത്തിചിരിക്കുകയാണ്.
ഇപ്പോഴിതാ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ പാക് യുവതാരങ്ങളായ ഷഹീന്‍ അഫ്രീദിക്കും നസീമിനുമൊപ്പം രസകരമായ നിമിഷങ്ങള്‍ പങ്കിടുന്ന വീഡിയോ ആണ് പി.സി.ബി പങ്കുവെച്ചത്.
പാക് ബൗളേഴ്‌സിനൊപ്പം ചിരിച്ച് സംസാരിച്ചും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് വാര്‍ണര്‍ മത്സരത്തില്‍ ലൈവാവുന്നത്.
157 റണ്‍സ് നേടിയ ഇമാം ഉഫള്‍ ഹഖിന്റെയും 185 റണ്‍സ് നേടിയ അസര്‍ അലിയുടെയും കരുത്തിലാണ് പാകിസ്താന്‍ ശക്തമായ സ്‌കോര്‍ ഓസീസിന് മുന്നില്‍ വെച്ചത്.
44 റണ്‍സ് നേടിയ അബ്ദുള്ള ഷെഫീഖും 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസവും മികച്ച പിന്തുണയാണ് നല്‍കിയത്. പാറ്റ് കമ്മിന്‍സ്, മാര്‍കസ് ലബുഷാന്‍, കമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓസീസിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ഡേവിഡ് വാര്‍ണറും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും യഥാക്രമം 97ഉം 68ഉം റണ്‍സാണ് നേടിയത്. 69 റണ്‍സ് നേടിയ ലബുഷാനും 24 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍ ബാറ്റ് ചെയ്യുന്നത്.