ഐ.സി.സി വേള്‍ഡ് കപ്പിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തുവിട്ടത്. 309 റണ്‍സിനായിരുന്നു ഡച്ച് പടയുടെ തോല്‍വി.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 399 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി വെറും 90 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാര്‍ജിനിന്റെ റെക്കോഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു ടീം 300+ റണ്‍സിന് വിജയിക്കുന്നതും ഇതാദ്യമാണ്.
Australia register the largest victory by runs in the history of the Cricket World Cup. #AUSvNED | #CWC23 | 📝: https://t.co/PWnTqfNey8 pic.twitter.com/GwizCvWydo
— ICC Cricket World Cup (@cricketworldcup) October 25, 2023
നിരവധി റെക്കോഡുകള്‍ കണ്ട മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ഡേവിഡ് വാര്‍ണറിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ച്വറിയാണ് കങ്കാരുക്കളെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ലോകകപ്പുകളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ആറ് സെഞ്ച്വറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡിനൊപ്പമാണ് വാര്‍ണറെത്തിയത്.
ഏഴ് സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയിലെ ഒന്നാമന്‍.
ഐ.സി.സി ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങള്‍
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 7 – ഇന്ത്യ
ഡേവിഡ് വാര്‍ണര്‍ – 6 – ഓസ്‌ട്രേലിയ
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 6 – ഇന്ത്യ
കുമാര്‍ സംഗക്കാര – 5 – ശ്രീലങ്ക
സൗരവ് ഗാംഗുലി – 5 – ഇന്ത്യ
ഇതിന് പുറമെ ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡും ഇപ്പോള്‍ ഡേവിഡ് വാര്‍ണറിന്റെ പേരിലാണ്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിനെ മറികടന്നാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഏറ്റവുധികം സെഞ്ച്വറി നേടിയ താരങ്ങള്‍ (ആക്ടീവ് പ്ലെയേഴ്‌സ്)
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 78
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 47
ജോ റൂട്ട് – ഇംഗ്ലണ്ട് – 46
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 44
രോഹിത് ശര്‍മ – ഇന്ത്യ – 45
ഈ ലോകകപ്പില്‍ വാര്‍ണറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. അഞ്ച് മത്സരത്തില്‍ നിന്നും 332 റണ്‍സാണ് വാര്‍ണറിന്റെ പേരിലുള്ളത്.
Content Highlight: David Warner equals Sachin Tendulkar’s record od most world cup centuries