ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനം 2025 ജനുവരിയില്‍ ആരംഭിക്കും. പര്യടനത്തില്‍ ഇരുവരും രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ ആദ്യ ടെസ്റ്റ് ഗല്ലെ ഇന്റര്‍നാണഷല്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 6 മുതല്‍ 10 വരെയുമാണ് നടക്കുക.
ടെസ്റ്റ് പരമ്പരയില്‍ ഓസീസിന് വേണ്ടി കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഓസീസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മാക്‌സ്‌വെല്ലിന് അര്‍ഹതയില്ലെന്ന് പറയുകയാണ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമല്ലാത്ത മാക്‌സിയെ എങ്ങനെയാണ് ടീമിലെടുക്കുകയെന്നും, മതിയായ തയ്യാറെടുപ്പുകളാണ് വേണ്ടതെന്നും വാര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
ഗ്ലെന്‍ മാക്‌സ്‌വെല്‍ പറഞ്ഞത്
‘എനിക്ക് പര്യടനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്, എന്റെ തന്ത്രങ്ങള്‍ ഞാന്‍ മുമ്പ് റെഡ്-ബോള്‍ ക്രിക്കറ്റില്‍ കളിച്ചതിന് സമാനമായിരിക്കും. ഞാന്‍ എന്റെ എല്ലാ ശക്തിയും ഉപയോഗിക്കും, മികച്ച പ്രതിരോധവും ബാക്ക് സ്‌കോറിങ് ഷോട്ടുകളും ഉണ്ടാകും,’ മാക്‌സ്‌വെല്‍ പറഞ്ഞു.
മാക്‌സ്‌വെല്ലിന്റെ ആഗ്രഹത്തെ പ്രതിരോധിച്ച് ഡേവിഡ് വാര്‍ണര്‍
‘നിങ്ങള്‍ നിങ്ങളുടെ ഷീല്‍ഡ് ടീമിനായി കളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ അര്‍ഹനല്ല. നാല് ദിവസത്തെ ക്രിക്കറ്റ് കളിക്കാന്‍ നിങ്ങള്‍ യഥാര്‍ത്ഥമായി ആഗ്രഹിക്കണം. ക്ലബ് ക്രിക്കറ്റ് കളിക്കുകയും കൈകള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനാണെന്ന് ഞാന്‍ കരുതുന്നില്ല,’ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌കര്‍ പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചപ്പോള്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസും വിജയിച്ചു. നിലവില്‍ 1-1ന് സമനിലയിലുള്ള പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഇരുവര്‍ക്കും നിര്‍ണായകമാണ്. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
Content Highlight: David Warner Criticize Glenn Maxwell In Test Cricket