പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നിരിക്കുകയാണ്. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 84 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സാണ് കങ്കാരുക്കള്‍ നേടിയത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കങ്കാരുക്കള്‍ക്ക് നല്‍കിയത്.
തന്റെ അവസാന ടെസ്റ്റിനിറങ്ങിയ വാര്‍ണര്‍ വീണ്ടും തന്റെ മാജിക് പുറത്തെടുത്തു. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വാര്‍ണര്‍ ഖവാജക്കൊപ്പം ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഒടുവില്‍ ടീം സ്‌കോര്‍ 315ല്‍ നില്‍ക്കവെ 211 പന്തില്‍ 164 റണ്‍സ് നേടിയാണ് വാര്‍ണര്‍ കളം വിട്ടത്.
തന്റെ കരിയറിലെ 49ാം സെഞ്ച്വറിയാണ് വാര്‍ണര്‍ കുറിച്ചത്. ഇതോടെ ആക്ടീവ് ക്രിക്കറ്റേഴ്‌സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന നേട്ടം അരക്കിട്ടുറപ്പിക്കാനും വാര്‍ണറിന് സാധിച്ചു. ഫാബ് ഫോറില്‍ വിരാട് കോഹ്‌ലിയൊഴികെയുള്ള മൂന്ന് താരങ്ങളെയും മറികടന്നാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 26 സെഞ്ച്വറി നേടിയ വാര്‍ണര്‍ ഏകദിനത്തില്‍ 22 തവണ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ ഒരു തവണയാണ് ഓസീസ് ഓപ്പണര്‍ നൂറടിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ 49 സെഞ്ച്വറി നേടിയതോടെ ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്‌സില്‍ വാര്‍ണര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയാണെങ്കില്‍ 50 സെഞ്ച്വറിയെന്ന നേട്ടത്തിലെത്താന്‍ വാര്‍ണറിന് സാധിക്കും.
അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനുള്ള അവസനമാണ് വാര്‍ണറിനെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഒമ്പതാമത് താരം, റിക്കി പോണ്ടിങ്ങിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസീസ് താരം തുടങ്ങിയ നേട്ടങ്ങളും വാര്‍ണറിന്റെ പേരില്‍ കുറിക്കപ്പെടും.