മറികടക്കാന്‍ ഇനിയാരുമില്ല; ഒറ്റ മാച്ചിന്റെ കരുത്തില്‍ ലോകകപ്പില്‍ സച്ചിനെ വെട്ടി വാര്‍ണര്‍
icc world cup
മറികടക്കാന്‍ ഇനിയാരുമില്ല; ഒറ്റ മാച്ചിന്റെ കരുത്തില്‍ ലോകകപ്പില്‍ സച്ചിനെ വെട്ടി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 4:49 pm

ആറാം ലോകകരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വിമാനം കയറിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പുള്ള നിരവധി താരങ്ങളാണ് ഓസ്‌ട്രേലിയയെ മറ്റ് ടീമില്‍ നിന്നും അപകടകാരികളാക്കുന്നത്.

2023 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ഓസീസ്. ചെന്നൈയിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് കങ്കാരുപ്പടയുടെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ കമ്മിന്‍സ് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് പുറത്തായി. ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെയായിരുന്നു മാര്‍ഷിന്റെ മടക്കം. ആറ് പന്ത് നേരിട്ട ഓസീസ് സൂപ്പര്‍ താരത്തെ അക്കൗണ്ട് തുറക്കും മുമ്പ് ബുംറ മടക്കുകയായിരുന്നു.

എന്നാല്‍ മൂന്നാമനായി കളത്തിലിറങ്ങിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പതിയെ സ്‌കോര്‍ ഉയര്‍ത്തി. ഈ ലോകകപ്പിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറിയിലേക്ക് നടന്നടുക്കുകയായിരുന്ന വാര്‍ണറിന് പക്ഷേ കുല്‍ദീപ് യാദവിന്റെ പന്തില്‍ പിഴച്ചു. ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു വാര്‍ണറിന്റെ മടക്കം. 52 പന്തില്‍ 41 റണ്‍സ് നേടിയാണ് ഓസീസ് ഓപ്പണര്‍ മടങ്ങിയത്.

ഈ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു ലോകകപ്പ് റെക്കോഡ് തന്നെ സ്വന്തമാക്കാന്‍ ഓസീസിന്റെ വിശ്വസ്തന് സാധിച്ചു. ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

19ാം ഇന്നിങ്‌സില്‍ നിന്നുമാണ് വാര്‍ണര്‍ ഈ റെക്കോഡിലേക്ക് നടന്നുകയറിയത്.

 

 

 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും പ്രോട്ടീസ് ലെജന്‍ഡ് മിസ്റ്റര്‍ 360 എ.ബി. ഡി വില്ലിയേഴ്‌സിനെയും മറികടന്നാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇരുവരും 20ാം മത്സരത്തിലാണ് ലോകകപ്പിലെ 1,000 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.

 

 

അതേസമയം, ബാറ്റിങ് തുടരുന്ന ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് അവസാനമായി പുറത്തായത്. വിക്കറ്റിന് മുമ്പില്‍ കുടുങ്ങി സില്‍വര്‍ ഡക്കായിട്ടായിരുന്നു കാരിയുടെ മടക്കം. രവീന്ദ്ര ജഡേജയാണ് വിക്കറ്റ് നേടിയത്.

മത്സരത്തില്‍ ജഡേജയുടെ മൂന്നാം വിക്കറ്റായിരുന്നു ഇത്. 28ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റീവ് സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജഡ്ഡു 30ാം ഓവറിലെ രണ്ടാം പന്തില്‍ മാര്‍നസ് ലബുഷാനെയും മടക്കി. കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു ലബുഷാന്‍ പുറത്തായത്. അതേ ഓവറിലെ നാലാം പന്തിലാണ് ജഡേജ കാരിയെയും പുറത്താക്കിയത്.

നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 119 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ഓസീസ്. ആറ് പന്തില്‍ നിന്നും നാല് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ട് പന്തില്‍ നിന്നും റണ്ണൊന്നും നേടാതെ കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

 

 

Content Highlight: David Warner completes 1000 runs in World Cup