സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍- സുകുമാര്‍ കോമ്പോയില്‍ 2021ലാണ് ഒന്നാംഭാഗം പുറത്തിറങ്ങിയത്. അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയായി പുഷ്പ; ദ റൈസ് മാറി. 400 കോടിയോളമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതുവരെ കാണാത്ത റഫ് ലുക്കിലായിരുന്നു താരം സിനിമയില്‍ വന്നത്.
ചിത്രത്തിലെ അല്ലുവിന്റെ മാനറിസങ്ങളും ഡയലോഗുകളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തെഗ്ഗെദലെ’ എന്ന ഐക്കണിക് ഡയലോഗും അതിനോടൊപ്പമുള്ള ആക്ഷനും പലരും അനുകരിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചുള്ള അല്ലുവിന്റെ പോസ്റ്റില്‍ വന്ന കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറാണ് സിനിമയില്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ ഉണ്ടാകുമെന്ന് പറഞ്ഞ് കമന്റിട്ടത്. തെലുങ്ക് സിനിമകളോട് വാര്‍ണറിനുള്ള ഇഷ്ടം ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ കണ്ടതാണ്. അല്ലുവിന്റെ ഹിറ്റ് പാട്ടുകളും, തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകളും അനുകരിക്കുന്നത് തന്റെ ടിക് ടോക് അക്കൗണ്ടിലൂടെ വാര്‍ണര്‍ പങ്കുവെച്ചിരുന്നു.
ഐ.പി.എല്‍ മത്സരത്തിനിടെ പുഷ്പയിലെ ശ്രീവല്ലി എന്ന പാട്ടിന്റെ സ്റ്റെപ്പ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ കമന്റും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പുഷ്പയുടെ ഗെറ്റപ്പില്‍ വാര്‍ണറിന്റെ എ.ഐ ചിത്രവും താരം പങ്കുവെച്ചിരുന്നു.
ആഗസ്റ്റ് 15നാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ടീസര്‍ അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യും. രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: David Warner commented on Allu Arjun’s post