സാധാരണ ഒരു കളി ജയിച്ചാല്‍ ഞങ്ങള്‍ ഇതാണ് ചെയ്യാറുള്ളത്; ആഘോഷം വ്യത്യസ്തമാക്കി ഡേവിഡ് വാര്‍ണര്‍
IPL
സാധാരണ ഒരു കളി ജയിച്ചാല്‍ ഞങ്ങള്‍ ഇതാണ് ചെയ്യാറുള്ളത്; ആഘോഷം വ്യത്യസ്തമാക്കി ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th April 2022, 3:07 pm

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ച് സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് യുവക്യാപ്റ്റന്‍മാരുടെ മത്സരം എന്ന നിലയിലായിലും ചര്‍ച്ചയായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.

എന്നാല്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമായിരുന്നില്ല.

ആരോണ്‍ ഫിഞ്ചിനെയും വെങ്കിടേഷ് അയ്യരേയും പെട്ടന്ന് തന്നെ മടക്കിയാണ് ചേതന്‍ സക്കറിയ കരുത്ത് കാട്ടിയത്. എന്നാല്‍ ശ്രേയസ് അയ്യരുടെയും നിതീഷ് റാണയുടെയും ബാറ്റിംഗ് മികവിലാണ് നൈറ്റ് റൈഡേഴ്‌സ് തെറ്റില്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തുയര്‍ത്തിയത്.

ശ്രേയസ് 37 പന്തില്‍ നിന്നും 42 റണ്‍സും നിതീഷ് 34 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. ഇവര്‍ക്ക് പുറമെ റിങ്കു സിംഗും (16 പന്തില്‍ 23) മികച്ച പ്രകടനമായിരുന്നു നടത്തിയത്.

പൃഥ്വി ഷായെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടായിരുന്നു ക്യാപ്പിറ്റല്‍സ് തുടങ്ങിയത്. എന്നാല്‍ വാര്‍ണറും റോവ്മന്‍ പവലും കത്തിക്കയറിയപ്പോള്‍ മത്സരം ക്യാപ്പിറ്റല്‍സിന്റെ വരുതിയിലായി.

6 പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെ ദല്‍ഹി വിജയം സ്വന്തമാക്കുകയായിരുന്നു. വാര്‍ണറിന്റെ മികച്ച പ്രകടനമായിരുന്നു ക്യാപ്പിറ്റല്‍സിന് അനായാസ ജയം സമ്മാനിച്ചത്.

എന്നാല്‍, വാര്‍ണറിന്റെ പ്രകടനത്തേക്കാളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് താരത്തിന്റെ സെലിബ്രേഷനാണ്. കുടുംബത്തോടൊപ്പം റീല്‍സ് ചെയ്താണ് താരം വിജയം ആഘോഷിച്ചത്.

‘ഒരു മത്സരം ജയിക്കുമ്പോള്‍ ഞങ്ങള്‍ ഇതാണ് ചെയ്യാറുള്ളത്’ എന്ന ക്യാപ്ഷനോടൊയാണ് താരം വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ എല്ലാ റീല്‍സ് വീഡിയോയും പോലെ പുതിയ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും 4 വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്. ഇപ്പോഴും ക്യാപ്പിറ്റല്‍സിന് പ്ലേ ഓഫ് സാധ്യതയും കല്‍പിക്കുന്നുണ്ട്.

മെയ് ഒന്നിനാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight:  David Warner celebrates win over KKR by doing Instagram Reels