| Saturday, 8th April 2023, 8:13 pm

സഞ്ജുവിനോട് തോറ്റെങ്കിലും വിരാടിന്റെ സിംഹാസനം സ്വന്തമാക്കി വാര്‍ണര്‍; ഇത് തോല്‍വിയിലും തലയുയര്‍ത്തിയ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിധി. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഇതോടെ 57 റണ്‍സിന്റെ കൂറ്റന്‍ വിജയമണ് രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ബാറ്റിങ് നിര പൂര്‍ണമായും മങ്ങിയതാണ് ക്യാപ്പിറ്റല്‍സിന് തിരിച്ചടിയായത്. 55 പന്തില്‍ നിന്നും 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയി.

24 പന്തില്‍ നിന്നും 38 റണ്ണടിച്ച ലളിത് യാദവും പൊരുതാന്‍ ശ്രമിച്ചെങ്കിലും റോയല്‍സ് ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. ഇവര്‍ക്ക് പുറമെ റിലി റൂസോ മാത്രമേ ബാറ്റിങ് നിരയില്‍ ഇരട്ടയക്കം കണ്ടുള്ളൂ.

മത്സരം തോറ്റെങ്കിലും ഒരു മികച്ച നേട്ടമണ് ഡേവിഡ് വാര്‍ണറിന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കപ്പെട്ടത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടാണ് വാര്‍ണര്‍ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

165 ഇന്നിങ്‌സില്‍ നിന്നുമാണ് വാര്‍ണര്‍ 6,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലേക്കെത്തിയത്. അതായത് വിരാടിനേക്കാള്‍ 23 ഇന്നിങ്‌സുകള്‍ കുറവ്.

രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് 164 മത്സരത്തില്‍ നിന്നും 5,974 റണ്‍സായിരുന്നു വര്‍ണറിന്റെ പേരിലുണ്ടായിരുന്നത്. മത്സരത്തിലെ മികച്ച ബാറ്റിങ്ങാണ് താരത്തിന് തുണയായത്.

ഐ.പി.എല്ലില്‍ വേഗത്തില്‍ 6,000 റണ്‍സ് തികച്ച താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

ഡേവിഡ് വാര്‍ണര്‍ – 165 ഇന്നിങ്‌സുകള്‍

വിരാട് കോഹ്‌ലി – 188 ഇന്നിങ്‌സുകള്‍

ശിഖര്‍ ധവാന്‍ – 199 ഇന്നിങ്‌സുകള്‍

നിലവില്‍ 6,039 റണ്‍സണ് വാര്‍ണറിന്റെ പേരിലുള്ളത്. 42.23 ആവറേജിലും 139.95 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്. 6,000 ക്ലബ്ബില്‍ ഏറ്റവമധികം ആവറേജുള്ളതും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളതും വാര്‍ണറിന് തന്നെ.

Content highlight: David Warner becomes the fastest batter in IPL to score 6000 runs

We use cookies to give you the best possible experience. Learn more