2024 ടി-20 ലോകകപ്പ് അവസാനിച്ചതിനുശേഷം ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും തന്റെ ഭാവിയെക്കുറിച്ച് നിര്‍ണായകമായ ഒരു അപ്‌ഡേറ്റ് നടത്തിയിരിക്കുകയാണ് വാര്‍ണര്‍. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കൊപ്പം കളിക്കാന്‍ തയ്യാറാണെന്നാണ് വാര്‍ണര്‍ പറഞ്ഞത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം വാര്‍ണര്‍ പുറത്തുവിട്ടത്. താന്‍ കുറച്ചുകാലം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കും എന്നും ഓസ്‌ട്രേലിയന്‍ ടീമില്‍ തെരഞ്ഞെടുത്താല്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ തയ്യാറാണെന്നുമാണ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് വാര്‍ണര്‍ അവസാനമായി ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്. ഓസീസിനൊപ്പം അവസാനമായി വാര്‍ണര്‍ ഏകദിനം കളിച്ചത് 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആയിരുന്നു. ജനുവരിയില്‍ പാകിസ്ഥാനെതിരെയാണ് വാര്‍ണര്‍ അവസാനമായി ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി കളിച്ചത്.
26 സെഞ്ച്വറികളും 37 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 8786 റണ്‍സാണ് വാര്‍ണര്‍ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തിലേക്ക് വരുകയാണെങ്കില്‍ 161 മത്സരങ്ങളില്‍ നിന്നും 6932 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 22 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളുമാണ് വാര്‍ണര്‍ നേടിയിട്ടിയുള്ളത്. ടി-20യില്‍ 28 ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 3277 റണ്‍സാണ് താരം നേടിയത്.
അതേസമയം അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8 വരെയാണ് ഓസ്‌ട്രേലിയക്ക് എത്താന്‍ സാധിച്ചത്. എന്നാല്‍ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാനോടും ഇന്ത്യയോടും പരാജയപ്പെട്ട് പുറത്താവുകയായിരുന്നു കങ്കാരുപ്പട.
2025ലെ ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് നടക്കുന്നത്. പാകിസ്ഥാനാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
Content Highlight: David Warner Back to International Cricket