വിരമിച്ച ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷ് ലീഗ് കളിക്കാനൊരുങ്ങുന്നു. സിഡ്‌നി തണ്ടേഴ്‌സുമായി വാര്‍ണര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ബിഗ് ബാഷ് ലീഗില്‍ മുഴുവന്‍ സീസണിലും കളിക്കാന്‍ വാര്‍ണറിന് സാധിക്കും.
വര്‍ണറിനെ ടീമിലെത്തിച്ചതിന്റെ സന്തോഷം തണ്ടേഴ്സ് ജനറല്‍ മാനേജര്‍ ട്രെന്റ് കോപ്ലാന്‍ഡ് പങ്കുവെച്ചു.
‘ഡേവി ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയില്‍ കളിക്കുന്ന സ്ഥലത്തെല്ലാം ജനപ്രിയനാണ്. ബാര്‍ണറിന്റെ 20 വര്‍ഷത്തെ പരിചയസമ്പന്നമായ ക്രിക്കറ്റിലെ പ്രതിഭ ഞങ്ങള്‍ക്ക് ലഭിക്കും. ഇപ്പോള്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മത്സരങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധയും പ്രതിബദ്ധതയും ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സിഡ്നി തണ്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2024 ടി-20 ലോകകപ്പിന് ശേഷമാണ് ഓസ്ട്രേലിയന്‍ സൂപ്പര്‍താരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് വാര്‍ണര്‍ അവസാനമായി ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്.
ഓസീസിനൊപ്പം അവസാനമായി വാര്‍ണര്‍ ഏകദിനം കളിച്ചത് 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആയിരുന്നു. ജനുവരിയില്‍ പാകിസ്ഥാനെതിരെയാണ് വാര്‍ണര്‍ അവസാനമായി ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്കായി കളിച്ചത്.