| Saturday, 3rd June 2023, 4:38 pm

ഒടുവില്‍ അവനും... വിരമിക്കല്‍ സൂചന നല്‍കി വാര്‍ണര്‍ 😥

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിടിയിറക്കത്തിന്റെ സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍. 2024ലോടെ താന്‍ ടെസ്റ്റില്‍ നിന്നും പടിയിറങ്ങുമെന്നാണ് വാര്‍ണര്‍ പറഞ്ഞത്.

അടുത്ത വര്‍ഷം തന്റെ ഹോം ഗ്രൗണ്ടായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തോടെ ബാഗി ഗ്രീന്‍സിനോട് വിട പറയാനാണ് വാര്‍ണര്‍ ആഗ്രഹിക്കുന്നതെന്ന് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ടെസ്റ്റില്‍ വാര്‍ണറിന്റെ പ്രകടനം കണക്കാക്കുമ്പോള്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ വാര്‍ണറിന് അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഈ ആഷസ് വാര്‍ണറിന്റെ കരിയറിലെ അവസാന എവേ ടെസ്റ്റ് സീരീസാകാനും സാധ്യതയുണ്ട്.

2024 ടി-20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഷസിന് മുന്നോടിയായുള്ള ട്രെയ്‌നിങ് സെഷനിടെ സംസാരിക്കുകയായിരുന്നു വാര്‍ണര്‍.

‘വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഞാന്‍ കളിക്കില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഇപ്പോള്‍ എനിക്ക് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചാല്‍ (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വരാനിരിക്കുന്ന ആഷസ് പരമ്പരയും) പാകിസ്ഥാനെതിരായ പരമ്പരയില്‍ എനിക്ക് അവസരം ലഭിക്കും. അവിടെ ഞാന്‍ എല്ലാം അവസാനിപ്പിക്കും,’വാര്‍ണര്‍ പറഞ്ഞു.

‘(2024 ടി-20) ലോകകപ്പ് എന്റെ അവസാന മത്സരമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നോട് സ്വയവും കുടുംബത്തോടും കടപ്പെട്ടിരിക്കണമെന്ന് ഞാന്‍ കരുതുന്നു,’ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കായി കരിയറിലിതുവരെ 103 ടെസ്റ്റാണ് വാര്‍ണര്‍ കളിച്ചത്. ഇതിലെ 187 ഇന്നിങ്‌സില്‍ നിന്നുമായി 8,158 റണ്‍സാണ് താരം സ്വന്തമാക്കിയത്.

45.57 എന്ന ശരാശരിയിലും 17.03 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വാര്‍ണര്‍ റണ്‍സടിച്ചുകൂട്ടിയത്. 25 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും തന്റെ പേരിലാക്കിയ വാര്‍ണറിന്റെ ഉയര്‍ന്ന സ്‌കോര്‍ 335* ആണ്.

Content highlight: David Warner Announces retirement date

We use cookies to give you the best possible experience. Learn more