15 വര്‍ഷം, 222 വിജയം, രണ്ട് ഏകദിന ലോകകപ്പ്, ടി-20 ലോകകപ്പ്, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്... ക്രീസില്‍ നിന്നും തിരിച്ചുനടന്ന് വാര്‍ണര്‍
Sports News
15 വര്‍ഷം, 222 വിജയം, രണ്ട് ഏകദിന ലോകകപ്പ്, ടി-20 ലോകകപ്പ്, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്... ക്രീസില്‍ നിന്നും തിരിച്ചുനടന്ന് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 7:51 pm

 

ഒന്നര പതിറ്റാണ്ട് കാലത്തെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ഡേവിഡ് വാര്‍ണര്‍ കളി മതിയാക്കുന്നു. ടി-20 ലോകകപ്പില്‍ ഇന്ത്യെക്കെതിരെ തന്റെ അവസാന അന്താരാഷ്ട്ര ഇന്നിങ്‌സും പൂര്‍ത്തിയാക്കി ഡേവിഡ് വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ടെസ്റ്റ്, ഏകദിനം എന്നീ ഫോര്‍മാറ്റുകളില്‍ നിന്നും താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

നീണ്ട 15 വര്‍ഷത്തെ കരിയറിനോടാണ് വാര്‍ണര്‍ ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്. കുട്ടിക്രിക്കറ്റിലൂടെയാണ് വാര്‍ണര്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 2009 ജനുവരിയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഐതിഹാസിക കരിയറിന്റെ ട്രെയ്ലര്‍ താരം ആരാധകര്‍ക്ക് മുമ്പില്‍ വെച്ചിരുന്നു. 43 പന്തില്‍ 89 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ 52 റണ്‍സിന് ഓസ്‌ട്രേലിയ വിജയിച്ചുകയറിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുത്തതും വാര്‍ണറിനെ തന്നെയായിരുന്നു.

ഒരാഴ്ചക്ക് ശേഷം ഇതേ പ്രോട്ടിയാസിനെതിരെ താരം ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. ഓപ്പണറായി കളത്തിലിറങ്ങിയ വാര്‍ണറിനെ അധികം വൈകാതെ ഡെയ്ല്‍ സ്റ്റെയ്ന്‍ മടക്കി അയച്ചു. ഏഴ് പന്തില്‍ അഞ്ച് റണ്‍സാണ് താരം നേടിയത്.

ഏകദിന അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയാണ് വാര്‍ണര്‍ പാഡഴിക്കുന്നത്.

2011ലാണ് വാര്‍ണര്‍ റെഡ് ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍.

ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ വരവറിയിച്ചത്.

ശേഷം ക്രിക്കറ്റ് ലോകം കണ്ടത് പകരം വെക്കാനില്ലാത്ത പ്രതിഭയുടെ പ്രകടനങ്ങള്‍ക്കായിരുന്നു.

ഓസീസിനായി ബാഗി ഗ്രീനണിഞ്ഞ് 112 മത്സരങ്ങളിലാണ് വാര്‍ണര്‍ കളത്തിലിറങ്ങിയത്. 44.59 ശരാശരിയില്‍ 26 സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയുമായി 8,766 റണ്‍സാണ് ദി ബുള്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വാര്‍ണര്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ 31 താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വാര്‍ണര്‍. 2019ല്‍ അഡ്‌ലെയ്ഡില്‍ പാകിസ്ഥാനെതിരെയായിരുന്നു വാര്‍ണറിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പിറവിയെടുത്തത്.

2019 ഡിസംബര്‍ രണ്ടിന് നടന്ന മത്സരത്തില്‍ 418 പന്ത് നേരിട്ട് പുറത്താകാതെ 335 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 39 ഫോറും ഒരു സിക്‌സറുമാണ് ആ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഓസീസ് ഇന്നിങ്‌സ് വിജയം നേടിയ മത്സരത്തില്‍ വാര്‍ണറിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ഇതിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ മറ്റൊരു ട്രിപ്പിള്‍ സെഞ്ച്വറി പിറന്നിട്ടില്ല.

2023 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആറാം കിരീടവുമണിയിച്ചാണ് വാര്‍ണര്‍ ഏകദിന കരിയര്‍ അവസാനിപ്പിച്ചത്. 161 മത്സരത്തില്‍ നിന്നും 45.30 ശരാശരിയില്‍ 6932 റണ്‍സ് സ്വന്തമാക്കി. 22 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഒപ്പം രണ്ട് ഏകദിന കിരീടങ്ങളും അടങ്ങുന്നതാണ് താരത്തിന്റെ ഓ.ഡി.ഐ കരിയര്‍.

110 ടി-20 മത്സരങ്ങളില്‍ നിന്നും 334.43 ശരാശരിയിലും 142.47 സ്‌ട്രൈക്ക് റേറ്റിലും 3,377 റണ്‍സാണ് ബാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. ഒരു സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ വാര്‍ണര്‍ 2021ല്‍ ഓസ്‌ട്രേലിയ ടി-20 ലോകകപ്പുര്‍ത്തിയ സ്‌ക്വാഡിലെ നിര്‍ണായക സാന്നിധ്യവുമായിരുന്നു.

ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ നാല് വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

15 വര്‍ഷത്തെ കരിയറില്‍ 383 മത്സരത്തില്‍ താരം കങ്കാരുക്കളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതില്‍ 222 മത്സരത്തില്‍ ടീമിനൊപ്പം വിജയിക്കുകയും ചെയ്തു. 49 സെഞ്ച്വറിക്കൊപ്പം 18,995 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

 

Also Read ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ

 

Also Read ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

 

Also Read  ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തി, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല; പ്രതികരണവുമായി സൂപ്പർതാരം

 

Content Highlight: David Warner announces retirement