| Monday, 1st January 2024, 10:01 am

ഐതിഹാസിക കരിയറിന് വിരാമം; ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ടീമിന് തന്നെ ആവശ്യമാണെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.

‘ഞാന്‍ തീര്‍ച്ചയായും ഏകദിന ക്രിക്കറ്റില്‍ നിന്നും വിട പറയുകയാണ്. കഴിഞ്ഞ ലോകകപ്പ് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞ കാര്യമായിരുന്നു ഇത്. ഇന്ത്യയില്‍ നിന്നും ലോകകപ്പ് നേടിയത് കരിയറിലെ ഒരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു.

ഇപ്പോള്‍ ഞാന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് എനിക്ക് മറ്റു ലീഗുകളില്‍ കളിക്കാനുള്ള അവസരം നല്‍കുന്നു. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നു. ഓസ്‌ട്രേലിയ സമയങ്ങളില്‍ എന്നെ ആവശ്യമാണെങ്കില്‍ ഞാന്‍ ടീമിനൊപ്പം ഉണ്ടാകും,’ വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം ആയിരുന്നു വാര്‍ണര്‍ കാഴ്ചവെച്ചത്. 11 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 535 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 48.63 ശരാശരിയില്‍ ആയിരുന്നു ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ബാറ്റ് വീശിയത്.

ഓസ്‌ട്രേലിയക്കായി 2009ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ 161 മത്സരങ്ങളില്‍ നിന്നും 6932 റണ്‍സാണ് നേടിയത്. കങ്കാരുപടക്കുവേണ്ടി 22 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും വാര്‍ണര്‍ സ്വന്തം പേരിലാക്കി മാറ്റിയിട്ടുണ്ട്.

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് വാര്‍ണര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുക.

നിലവില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. ജനുവരി മൂന്നിനാണ് അവസാന ടെസ്റ്റ് നടക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: David Warner announced retire from odi format.

We use cookies to give you the best possible experience. Learn more