|

ഇംഗ്ലണ്ട് ചില്ലറ ടീമല്ല, പേടിക്കണം, പേടിച്ചേ മതിയാകൂ; മത്സരത്തിന് മുമ്പ് ആശങ്ക വ്യക്തമാക്കി വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് ഈ ലോകകപ്പ് ഓര്‍ത്തുവെക്കാന്‍ ഒന്നും നല്‍കിയിരുന്നില്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ ടീമിനെ പോയിന്റ് ടേബിളിന്റെ അടിത്തട്ടിലേക്കെത്തിച്ചിരുന്നു.

മികച്ച ടീമുമായിട്ടാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വിമാനം കയറിയത്. വാലറ്റക്കാര്‍ വരെ സ്‌കോര്‍ ബോര്‍ഡിനെ സ്വാധിനിക്കാന്‍ പോന്നവരാണെന്നത് ഇംഗ്ലണ്ടിനെ എതിരാളികളുടെ പേടി സ്വപ്‌നമാക്കി മാറ്റിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കളിമറന്ന ഇംഗ്ലണ്ടിനെയാണ് ആരാധകര്‍കണ്ടത്. കളിച്ച ആറ് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രമായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് അവരെ ഒരിക്കലും വിലകുറച്ച് കാണാന്‍ സാധിക്കില്ലെന്ന് പറയുകയാണ് ചിരവൈരികളായ ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍.

ഇംഗ്ലണ്ടിന് ഒന്നും തന്നെ നഷ്ടപ്പെടാനില്ലെന്നും അക്കാരണംകൊണ്ടുതന്നെ അവര്‍ അപകടകാരികളാണെന്നും വാര്‍ണര്‍ പറഞ്ഞു. cricket.com.auവിലൂടെയാണ് വാര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.

‘ഇംഗ്ലണ്ടിന്റെ ഇപ്പോഴുള്ള അവസ്ഥയില്‍ അവരോട് സഹതാപമുണ്ട്. എന്നാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ അവര്‍ ഏറെ അപകടകാരികളാണ്. എളുപ്പത്തില്‍ മത്സരം വിജയിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. 11ാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങള്‍ ഇംഗ്ലണ്ടിലുണ്ട്, അവരുടെ ബൗളര്‍മാരും മികച്ചതാണ്,’ വാര്‍ണര്‍ പറഞ്ഞു.

നിലവില്‍ സെമി സാധ്യത വെച്ചുപുലര്‍ത്തുന്ന ടീമുകളില്‍ പ്രധാനികളാണ് ഓസ്‌ട്രേലിയ. ആദ്യ രണ്ട് മത്സരവും തോറ്റതിന് പിന്നാലെ നാല് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ലോകകപ്പിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ വാര്‍ണറും.

ആറ് മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 413 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയത്. നിലവില്‍ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത് ബാറ്ററാണ് ഡേവിഡ് വാര്‍ണര്‍.

നവംബര്‍ നാലിനാണ് ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരം അരങ്ങേറുന്നത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.

Content Highlight: David Warner about England team