റൂട്ടിനെ വെട്ടി, റെക്കോഡുകളില്‍ കോഹ്‌ലിക്കും പോണ്ടിങ്ങിനുമൊപ്പവും; വാര്‍ണര്‍ ഗാഥ അവസാനിക്കുന്നില്ല
icc world cup
റൂട്ടിനെ വെട്ടി, റെക്കോഡുകളില്‍ കോഹ്‌ലിക്കും പോണ്ടിങ്ങിനുമൊപ്പവും; വാര്‍ണര്‍ ഗാഥ അവസാനിക്കുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st October 2023, 12:31 am

ലോകകപ്പില്‍ പാകിസ്ഥാനെതിരെ 62 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കങ്കാരുപ്പട. തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് ഒസീസ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റില്‍ തീപാറിച്ചായിരുന്നു ഓസീസ് തുടക്കം കുറിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തില്‍ 14 ബൗണ്ടറികളും ഒമ്പത് സ്‌ക്സറുകളുമടക്കം 163 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 108 പന്തില്‍ 10 ബൗണ്ടറികളും ഒമ്പത് സിക്സറുകളുമടക്കം 121 റണ്‍സാണ് നേടിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 259 എന്ന ഉയര്‍ന്ന സ്‌കോറിലായിരുന്നു ഓസീസ്.

 

ടോസ് നേടിയിട്ടും ബൗളിങ്ങില്‍ താളം കണ്ടത്താന്‍ കഴിയാതെ പാക് ടീം വലയുകയായിരുന്നു. പാക് ബൗളിങ് നിരയെ വാര്‍ണറും മാര്‍ഷും തലങ്ങും വിലങ്ങും പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

85 പന്തില്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ ഓസ്ട്രേലിയക്കായി ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ്. ഇരുവരും അഞ്ച് സെഞ്ച്വറികളാണ് നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും വാര്‍ണറിനായി. ഏഴ് സെഞ്ച്വറിയുമായി രോഹിത് ശര്‍മയും ഒന്നാമതും ആറ് സെഞ്ച്വറിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാമതുമാണ്.

ഏകദിനത്തില്‍ 21ാം സെഞ്ച്വറിയും അന്താരാഷ്ട്രതലത്തില്‍ 47ാം സെഞ്ച്വറിയും വാര്‍ണര്‍ ഇതിനോടകം തികച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സെഞ്ച്വറി കണക്കില്‍ 46 തവണ ട്രിപ്പിള്‍ ഡിജിറ്റ് കണ്ട ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ മറികടന്നുകൊണ്ടാണ് വാര്‍ണര്‍ റെക്കോഡിട്ടിരിക്കുന്നത്. ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും വാര്‍ണര്‍ തന്നെ.

ഇതിന് പുറമെ ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവുമധികം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പവും വാര്‍ണര്‍ എത്തിക്കഴിഞ്ഞു. കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് സെഞ്ച്വറികള്‍ നേടിയപ്പോള്‍ വാര്‍ണര്‍ പാകിസ്ഥാനോടും നാല് സെഞ്ച്വറി നേടിയിരിക്കുകയാണ്.

 

 

Content highlight: David Warder scripts several records against Pakistan