| Sunday, 23rd April 2023, 4:11 pm

'അദ്ദേഹം ഏത് ക്ലബ്ബിലാണോ സൈന്‍ ചെയ്യുന്നത്, അവര്‍ക്കതൊരനുഗ്രഹമാകും'; ഇതിഹാസത്തെ കുറിച്ച് ഡേവിഡ് വിയ്യ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണ എഫ്.സിയില്‍ കളിച്ചിട്ടുള്ള താരമാണ് ഡേവിഡ് വിയ്യ. മൂന്ന് സീസണുകളില്‍ ഇരുവരും ഒരുമിച്ച് കളിക്കുകയും നിരവധി ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

മെസിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഏത് ക്ലബ്ബിലാണോ കളിക്കുന്നത് അവര്‍ക്കത് ഒരനുഗ്രഹമായിരിക്കുമെന്നും വിയ്യ പറഞ്ഞു. ബാഴ്‌സ യൂണിവേഴ്‌സലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ബാഴ്‌സലോണയില്‍ കളിച്ച മൂന്ന് സീസണുകളിലായി ഞാന്‍ 50 ഗോളുകളാണ് നേടിയത്. അതെല്ലാം ലയണല്‍ മെസിയുടെ കോണ്‍ട്രിബ്യൂഷനിലൂടെയാണ് എനിക്ക് നേടാനായത്. നമ്മുടെ ക്ലബ്ബില്‍ മെസി ഉണ്ടായിരിക്കുകയെന്നത് യഥാര്‍ത്ഥത്തില്‍ ഒരനുഗ്രഹമാണ്. മത്സരങ്ങളില്‍ എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാവുകയാണെങ്കില്‍ മെസി അതിനൊരു പരിഹാരം കാണുകയും ചെയ്യും,’ വിയ്യ പറഞ്ഞു.

2013ലാണ് മെസി ബാഴ്‌സലോണ വിട്ട് അത്‌ലെറ്റിക്കോ മാഡ്രിഡില്‍ ജോയിന്‍ ചെയ്തത്. 2020ല്‍ തന്റെ 41ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച വിയ്യ ഇപ്പോള്‍ ഒഡിഷ എഫ്.സി ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്.

അതേസമയം, വരുന്ന ജൂണ്‍ മാസത്തില്‍ മെസിയുടെ പാരിസ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

ജൂണിന് മുമ്പ് മെസിയുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മാറുന്ന മെസിയെ സ്വന്തമാക്കാനായി ഇന്റര്‍ മിയാമി, ബാഴ്‌സലോണ, അല്‍ ഹിലാല്‍ അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Content Highlights: David Villa praises his former Barcelona teammate Lionel Messi

We use cookies to give you the best possible experience. Learn more