യൂറോകപ്പ് വിജയിക്കാൻ പോർച്ചുഗലിന് റൊണാൾഡോയെ ഒന്നും ആവശ്യമില്ല ; മുൻ എം.എൽ.എസ് താരം
Football
യൂറോകപ്പ് വിജയിക്കാൻ പോർച്ചുഗലിന് റൊണാൾഡോയെ ഒന്നും ആവശ്യമില്ല ; മുൻ എം.എൽ.എസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 11:30 am

യൂറോകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ജര്‍മനിയില്‍ നടക്കുന്ന യൂറോപ്യന്‍ കപ്പിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പോര്‍ച്ചുഗല്‍ ടീമിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വാധീനം എങ്ങനെയാണെന്ന് സംസാരിച്ചിരിക്കുകയാണ് മുന്‍ എം.എല്‍.എസ് താരം ഡേവിഡ് മോസ്.

ജൂണില്‍ നടക്കുന്ന യൂറോകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന് വിജയിക്കാന്‍ റൊണാള്‍ഡോയുടെ ആവശ്യമില്ലെന്നാണ് ഡേവിഡ് പറഞ്ഞത്. മോസ് സ്റ്റേറ്റ് ഓഫ് യൂണിയന്‍ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇപ്പോഴും പോര്‍ച്ചുഗല്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നത് ഉയര്‍ന്ന തലത്തില്‍ ഉന്നയിക്കേണ്ട ഒരു ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള പോര്‍ച്ചുഗല്‍ ടീം മികച്ചതാണ് ഒരുപാട് കഴിവുകളുള്ള താരങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയെ വലിയ രീതിയില്‍ പോര്‍ച്ചുഗല്‍ ടീമിന് ആവശ്യമില്ല,’ ഡേവിഡ് മോസ് പറഞ്ഞു.

അതേസമയം യൂറോകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ അടുത്തിടെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചിരുന്നു. റൊണാള്‍ഡോയും ടീമില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു.
തന്റെ ഫുട്ബോള്‍ കരിയറിലെ ആറാമത്തെ യൂറോ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

യൂറോ കപ്പില്‍ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നതോടുകൂടി ഒരു ചരിത്ര നേട്ടമായിരിക്കും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തുക. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

റൊണാള്‍ഡോക്ക് പുറമെ വെറ്ററന്‍ താരം പെപ്പെ, ഡിയാഗോ ജോട്ട, ബര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം നേടിയത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

Content Highlight: David Mosse talks about Cristaino Ronaldo