| Monday, 2nd October 2023, 7:36 pm

'ചോക്കേഴ്സ്' എന്ന ടാഗ് ഞങ്ങളെ ബാധിക്കില്ല; ലോകകപ്പ്‌ പ്രതീക്ഷകൾ പങ്കുവെച്ച് മില്ലർ

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഐ.സി.സി ഏകദിന ലോകകപ്പ്‌ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ആത്മവിശ്വാസം പങ്കുവെച്ചിരിക്കുകയാണ് ഡേവിഡ് മില്ലർ.

സൗത്ത് ആഫ്രിക്കക്ക് മികച്ച ടീം ഉണ്ടെന്ന് വിശ്വസിക്കുന്നെന്നും, ചോക്കേഴ്സ് എന്ന ടാഗ് ലൈനിൽ ടീമിനെ കാണുന്നത് ശരിയല്ലെന്നുമാണ് മില്ലർ പറഞ്ഞത്.

സൗത്ത് ആഫ്രിക്കക്ക് ഇതുവരെ ഒരു ലോകകിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പല തവണ കിരീടത്തിന്റെ അരികിലെത്തിയെങ്കിലും പ്രോട്ടീസിന് ലോകകപ്പിൽ മുത്തമിടാൻ ഭാഗ്യമുണ്ടായിട്ടില്ല. പടിക്കൽ വെച്ച് കലമുടക്കുന്നതുകൊണ്ട് ടീമിന് ചോക്കേഴ്സ് എന്നൊരു ടാഗ് ലൈൻ ലഭിച്ചിരുന്നു. ഈ ടാഗ് ലൈനിനെതിരെയാണ് താരം സംസാരിക്കുന്നത്.

‘ഞങ്ങൾ ചൊക്കേഴ്സ് അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ടാഗ് ലൈൻ കാണുമ്പോൾ ഓരോരുത്തർ ഇത് എങ്ങനെ എടുക്കുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഇതൊന്നും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ലോകകപ്പിന്റ ചരിത്രം നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും. ഞങ്ങൾ മികച്ച കളി പുറത്തെടുത്ത പല മത്സരങ്ങളിലും ഞങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടൊന്നും ചോക്കേഴ്സ് എന്ന ടാഗ് ലൈൻ ഞങ്ങളെ ബാധിക്കില്ല. മില്ലർ ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

‘ലോകകപ്പിൽ ഞങ്ങൾക്ക് മികച്ച ടീമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ എപ്പോൾ വേണമെങ്കിലും ടൂർണമെന്റിൽ നിന്നും പുറത്താവാം. ലോകകപ്പിന്റ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ഭാഗ്യം കൂടി വേണം,’ അദ്ദേഹം കൂട്ടിചേർത്തു.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇന്ത്യൻ മണ്ണിലേക്ക് വരുന്നത്. കന്നികിരീടമാണ് ടീം ലക്ഷ്യം വെക്കുന്നത്.

ലോകകപ്പിൽ ഒക്ടോബർ ഏഴിന് ശ്രീലങ്കക്കെതിരെയാണ് ദക്ഷിണ ആഫ്രിക്കയുടെ ആദ്യ മത്സരം. ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: David Miller shares South African team’s World Cup hopes.

We use cookies to give you the best possible experience. Learn more