ഐ.പി.എല്‍ 2023ലെ 30ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയപ്രതീക്ഷയാണ് സൂപ്പര്‍ ജയന്റ്‌സ് വെച്ചുപുലര്‍ത്തുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഹര്‍ദിക്കിന്റെ കണക്കുകൂട്ടലുകള്‍ ഒന്നാകെ തെറ്റുന്ന കാഴ്ചയായിരുന്നു എകാനയില്‍ കണ്ടത്.
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ടൈറ്റന്‍സിന് നഷ്ടമായിരുന്നു. രണ്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സ് പോലും നേടാതെയാണ് ഗില്‍ മടങ്ങിയത്. എന്നാല്‍ വണ്‍ ഡൗണായെത്തിയ ക്യാപ്റ്റനും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി. 68 റണ്‍സാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ 47 റണ്‍സ് നേടിയ സാഹയെ ടൈറ്റന്‍സിന് നഷ്ടമായി. പിന്നാലെയെത്തിയ അഭിനവ് മനോഹറിനും വിജയ് ശങ്കറിനും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ സന്ദര്‍ശകര്‍ നിന്ന് വിറച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആരാധകര്‍ക്ക് പ്രതീക്ഷയേകി.
വിജയ് ശങ്കര്‍ പുറത്തായതിന് പിന്നാലെ ആറാമനായി ഡേവിഡ് മില്ലര്‍ കളത്തിലിറങ്ങിയതോടെ ആരാധകര്‍ക്ക് പ്രതീക്ഷയേറി. എന്നാല്‍ കില്ലര്‍ മില്ലറിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ പാടെ നിരാശരാവുകയായിരുന്നു.
ടി-20യില്‍ ടെസ്റ്റ് കളിച്ച മില്ലര്‍ 12 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ വെറും 50ഉം. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തുമെന്ന് പ്രതീക്ഷിച്ച മില്ലര്‍ വെറും ചീറ്റിയ പടക്കം മാത്രമായി. ഒടുവില്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ദീപക് ഹൂഡയുടെ കയ്യിലേക്ക് ഷോട്ട് അടിച്ചുകൊടുത്താണ് മില്ലര്‍ മടങ്ങിയത്.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 എന്ന നിലയിലാണ് ടൈറ്റന്‍സ് കളിയവസാനിപ്പിച്ചത്.