പഴയ ടീമിനെതിരെ ചരിത്രം കുറിക്കാൻ കില്ലർ മില്ലർ; ചരിത്രത്തിലെ ആദ്യതാരമാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
പഴയ ടീമിനെതിരെ ചരിത്രം കുറിക്കാൻ കില്ലർ മില്ലർ; ചരിത്രത്തിലെ ആദ്യതാരമാവാൻ വേണ്ടത് ഇത്രമാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 3:19 pm

2024 ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്‌സും-ഗുജറാത്ത് ടൈറ്റൻസുമാണ് ഏറ്റുമുട്ടുക. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക്‌ ശേഷം വിജയവഴിയിൽ തിരിച്ചെത്താനാണ് പഞ്ചാബ് കളത്തിലിറങ്ങുക. മറുഭാഗത്ത് അവസാന മത്സരത്തിൽ സൺറൈസ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഗുജറാത്ത്‌ ഇറങ്ങുക.

ഈ മത്സരത്തിൽ ഗുജറാത്തിന്റെ സൗത്ത് ആഫ്രിക്കൻ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് സിക്സുകൾ കൂടി നേടാൻ മില്ലറിന് സാധിച്ചാൽ ടി-20 ക്രിക്കറ്റിൽ 450 സിക്സുകൾ എന്ന ചരിത്രനേട്ടത്തിലേക്കാവും മില്ലർ നടന്നുകയറുക.

ഇതിനോടകം തന്നെ മില്ലർ 447 സിക്സുകൾ ആണ് ടി-20 ഫോർമാറ്റിൽ അടിച്ചെടുത്തത്. മൂന്ന് സിക്സുകൾ കൂടി നേടാനായാൽ ടി-20 യിൽ 450 സിക്സുകൾ നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ താരമായി മാറാനും മില്ലറിന് സാധിക്കും. കുട്ടിക്രിക്കറ്റിൽ 720 ഫോറുകളും മില്ലർ നേടിയിട്ടിട്ടുണ്ട്.

ടി-20യിൽ 472 മത്സരങ്ങളിൽ 429 ഇന്നിങ്സിൽ നിന്നും 45 അർധസെഞ്ച്വറികളും നാല് സെഞ്ച്വറികളും ഉൾപ്പെടെ 10143 റൺസാണ് മില്ലറിന്റെ അക്കൗണ്ടിൽ ഉള്ളത്. 35.34 ആവറേജിലും 138.16 സ്ട്രൈക്ക് റേറ്റിലുമാണ് സൗത്ത് ആഫ്രിക്കൻ താരം ബാറ്റ് വീശുന്നത്.

സൗത്ത് ആഫ്രിക്ക, സൗത്ത് ആഫ്രിക്ക എ ടീം, പഞ്ചാബ് കിങ്സ്, ഡർഹാം, യോർക്ക്ഷയർ, ഉതുര രുദ്രാസ്, ചിറ്റഗോങ് കിങ്സ്, ഡോൾഫിൻസ്, സെൻ്റ് ലൂസിയ കിങ്സ്, നൈറ്റ്സ്, ഗ്ലാമോർഗൻ, വേൾഡ് ഇലവൻ, ബ്ലൂം സിറ്റി ബ്ലേസേഴ്സ്, വിന്നിപെഗ് ഹോക്സ്, ജമൈക്ക തലാവസ്, ഡർബൻ ഹീറ്റ്, ഹൊബാർട്ട് ഹറിക്കൻസ് റോയൽസ്, ഡംബുള്ള വൈക്കിങ്, പെഷവാർ സാൽമി, ഗുജറാത്ത് ടൈറ്റൻസ്, വെൽഷ് ഫയർ, ബാർബഡോസ് റോയൽസ്, പാൾ റോയൽസ്, മോറിസ്‌വില്ലെ സാംപ് ആർമി, മുൾട്ടാൻ സുൽത്താൻസ്, ടെക്‌സസ് സൂപ്പർ കിങ്സ്, ജാഫ്‌ന കിങ്സ്, ബംഗ്ലാ ടൈഗേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഡേവിഡ് മില്ലർ ടി-20യിൽ കളിച്ചിട്ടുള്ളത്.

ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ 27 പന്തിൽ പുറത്താവാതെ 44 റൺസ് നേടി വിജയത്തിൽ നിർണായക പങ്ക് വഹിക്കാൻ മില്ലറിന് സാധിച്ചിരുന്നു. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ്‌ താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനം പഞ്ചാബിനെതിരെയും മില്ലർ പുറത്തെടുക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: David Miller Need Three Six to Complete 450 Six in T20 Format