ക്രിക്കറ്റില്‍ ട്വന്റി-20 ക്രിക്കറ്റിന്റെ വളര്‍ച്ച വരച്ചുകാട്ടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഐ.പി.എല്‍, ബി.ബി.എല്‍. പി.എസ്.എല്‍, സി.പി.എല്‍ എല്ലാം ലോകത്തെ പ്രധാന ടി-20 ക്രിക്കറ്റ് ലീഗുകളാണ് അക്കൂട്ടത്തില്‍ പുതുതായ വരുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലീഗ്.
ആറ് ഐ.പി.എല്‍ ഫ്രാഞ്ചൈസികളാണ് അടുത്ത വര്‍ഷം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നത്. ഐ.പി.എല്ലിന് പുറമെ കരിബീയന്‍ പ്രീമിയര്‍ ലീഗിലും ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.
സഞ്ജു സാംസണ്‍ നായകനായിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥയിലുള്ള കരീബിയന്‍ ടീമാണ് ബാര്‍ബഡോസ് റോയല്‍സ്. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിനെ പുതുക്കി പണിയുന്ന തിരക്കിലാണ് റോയല്‍സ്. അതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ മിഡില്‍ ഓര്‍ഡര്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറിനെ നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുകയാണ് ടീമിപ്പോള്‍.
മുന്‍ സീസണുകളില്‍ നായകനായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനെ മാറ്റിയാണ് മില്ലറിനെ ബോയല്‍സ് നായകനായി തെരഞ്ഞെടുത്തത്. എന്നാലും റോയല്‍സ് ടീമിന്റെ പ്രധാന കളിക്കാരനായി ഹോള്‍ഡര്‍ തുടരും.
മില്ലര്‍ അവസാനമായി സി.പി.എല്‍ കളിച്ചത് 2018-ല്‍ ജമൈക്ക ടല്ലാവാസിനുവേണ്ടിയായിരുന്നു. 2016-ല്‍ സെന്റ് ലൂസിയ സൂക്സിനെ പ്രതിനിധീകരിച്ച് അദ്ദേഹം കളിച്ചിരുന്നു.15 സി.പി.എല്‍ മത്സരത്തില്‍ നിന്നായി 146.90 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍നിന്ന് 332 റണ്‍സ് മില്ലര്‍ നേടിയിട്ടുണ്ട്.
അതേസമയം, ഐ.പി.എല്‍ 2022ല്‍, 142.73 സ്ട്രൈക്ക് റേറ്റില്‍ 481 റണ്‍സ് നേടി ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തന്റെ മുന്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാളുടെ സഹ ഉടമസ്ഥതയിലുള്ള ബാര്‍ബഡോസ് റോയല്‍സില്‍ ചേരുന്നതിന്റെ ആവേശത്തിലാണ് മില്ലര്‍. റോയല്‍സിന്റെ ക്യാപ്റ്റനാകുന്നത് ഒരു പദവിയാണെന്നും ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന പുതിയ സീസണില്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഐ.പി.എല്ലില്‍ റോയല്‍സിലായിരുന്ന സമയം വളരെ വിലപ്പെട്ടതായി തോന്നി, ടീമുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞു. ബാര്‍ബഡോസ് റോയല്‍സിലേക്ക് വരുന്നത് എനിക്ക് ആവേശകരമായ സമയമാണ്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് ഒരു പദവിയാണ്. കരീബിയനില്‍ നിന്നുള്ള യുവ ടാലെന്റുകളും പരിചയസമ്പന്നരുമായ ധാരാളം പ്രതിഭകളുള്ള ഒരു ടീമാണിത്. പുതിയ സീസണില്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മില്ലര്‍ പറഞ്ഞു.
Content Highlights: David Miller is news Captain of Barbados Royals