| Monday, 1st April 2024, 12:37 pm

കില്ലര്‍ മില്ലര്‍ അടിച്ചെടുത്തത് തകര്‍പ്പന്‍ നേട്ടം; മുന്നിലുള്ളത് ധോണി മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിനു വേണ്ടി സായി സുദര്‍ശന്‍ 36 പന്തില്‍ നിന്ന് 45 റണ്‍സും ഡേവിഡ് മില്ലര്‍ 27 പന്തില്‍ നിന്ന് 44 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ നിന്ന് 36 റണ്‍സും നേടി. 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറും 14 റണ്‍സ് നേടി കൂട്ടുനിന്ന വിജയ് ശങ്കറും കൂടിയാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

രണ്ട് സിക്‌സറും നാല് ഫോറും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു മില്ലര്‍ കാഴ്ചവെച്ചത്. ഇതിനുപുറമേ ഒരു തകര്‍പ്പന്‍ നേട്ടവും മില്ലര്‍ സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ വിജയകരമായ റണ്‍ചെയ്സില്‍ ഒരു മധ്യനിര ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് മില്ലര്‍ സ്വന്തമാക്കിയത്. ഈ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ പടനായകന്‍ എം.എസ്. ധോണിയാണ്.

എം.എസ്. ധോണി – 1155

ഡേവിഡ് മില്ലര്‍ – 1020*

ദിനേഷ് കാര്‍ത്തിക് – 970

യൂസഫ് പത്താന്‍ – 924

എ.ബി.ഡി വില്ലിയേഴ്‌സ് – 901

കിറോണ്‍ പൊള്ളാര്‍ഡ് – 837

ഹൈദരാബാദിന് വേണ്ടി അബ്ദുല്‍ സമദ് 14 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയപ്പോള്‍ അഭിഷേക് ശര്‍മ 20 പന്തില്‍ നിന്ന് 29 റണ്‍സും നേടി. ഹെന്റിച്ച് ക്ലാസ്സെന്‍ 13 പന്തില്‍ 24 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഗുജറാത്ത് ബൗളിങ് നിരയില്‍ മോഹിത് ശര്‍മ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ അസ്മത്തുള്ള ഒമാര്‍സായി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഏപ്രില്‍ നാലിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി. മറുഭാഗത്ത് ഏപ്രില്‍ അഞ്ചിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content highlight: David Miller In Record Achievement

We use cookies to give you the best possible experience. Learn more