ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പട 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 12 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ ആണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്. ഒടുവില്‍ ഡേവിഡ് മില്ലറിന്റെ മികച്ച ഇന്നിങ്‌സ് ആണ് സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
51 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടി കൊണ്ടായിരുന്നു മില്ലര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളുമാണ് മില്ലറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
എന്നാല്‍ ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് മില്ലറിനെ തേടിയെത്തിയത്. ടി-20 ലോകകപ്പ് ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പന്തുകളില്‍ നിന്നും ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടമാണ് മില്ലര്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് 2007 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ബെസ്റ്റ് ഇന്ത്യ സ്ഥാനം ഡെയ്ന്‍ സ്മിത്തും 2010 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസിയും 49 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ട്രിസ്റ്റണ്‍ സ്റ്റാംപ്‌സ് 37 പന്തില്‍ 33 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ ഒറ്റ്‌നീല്‍ ബാര്‍ട്ട്മാന്‍ നാല് വിക്കറ്റും മാര്‍ക്കോ ജാന്‍സണ്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. 45 പന്തില്‍ 40 റണ്‍സ് നേടിയ സിബ്രാന്‍ഡ് എങ്കല്‍ബ്രക്റ്റ് ആണ് ഓറഞ്ച് പടയുടെ ടോപ് സ്‌കോറര്‍.
ജയത്തോടെ ഗ്രൂപ്പ് ഡി യില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. ജൂണ്‍ 10ന് ബംഗ്ലാദേശിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. നസാവു കൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: David Miller create a Unwanted record in T20 World Cup