|

'രാജസ്ഥാനെ' തകര്‍ത്ത് 'ചെന്നൈ'; തോല്‍വിയിലും പുതിയ നാഴികക്കല്ല് പിന്നിട്ട് കില്ലര്‍ മില്ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ ടി-20യില്‍ പാള്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ് ഒമ്പത് വിക്കറ്റുകള്‍ക്കാണ് പാള്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാള്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. 40 പന്തില്‍ 47 ആണ് മില്ലര്‍ നേടിയത്. നാല് ഫോറുകളും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഡേവിഡ് സ്വന്തമാക്കിയത്. ടി-20യില്‍ 10,000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കാണ് സൗത്ത് ആഫ്രിക്കന്‍ താരം നടന്നുകയറിയത്. ടി-20 ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന 12 മത്തെ താരമായി മാറാനും മില്ലറിന് സാധിച്ചു.

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 18.5 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു. ഡേവിഡ് മില്ലറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് റോയല്‍സിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയില്‍ സാം കുക്ക് നാല് വിക്കറ്റും നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് 13.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ല്യൂസ് ഡു പൂയ് 43 പന്തില്‍ 68 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ല്യൂസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നായകന്‍ ഫാഫ് ഡുപ്ലസിസ് 34 പന്തില്‍ 55 റണ്‍സ് നേടി മികച്ച ഇന്നിങ്‌സും നടത്തിയപ്പോള്‍ ജോബര്‍ഗ് മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: David Miller completed 10,000 runs in T-20.