| Thursday, 26th September 2024, 3:16 pm

ഞാന്‍ എന്റെ രാജ്യത്തെയൊന്നാകെ നിരാശപ്പെടുത്തിയെന്ന് തോന്നി; തുറന്നുപറഞ്ഞ് മില്ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചായിരുന്നു സൗത്ത് ആഫ്രിക്കക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നഷ്ടമായത്. 2024 ടി-20 ലോകകപ്പ് ഫൈനലില്‍, അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു പ്രോട്ടിയാസിന്റെ പരാജയം.

അവസാന ഓവറിലെ ആദ്യ പന്തില്‍ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറിന്റെ വിക്കറ്റ് നഷ്ടമായതാണ് സൗത്ത് ആഫ്രിക്കക്ക് തിരിച്ചടിയായത്. സിക്‌സറെന്നുറപ്പിച്ച മില്ലറിന്റെ ഷോട്ട് അവിശ്വസനീയമാം വിധം കൈപ്പിടിയിലൊതുക്കിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 17 പന്തില്‍ 21 റണ്‍സുമായാണ് മില്ലര്‍ പുറത്തായത്.

മില്ലറിന്റെ വിക്കറ്റാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ജീവിതാവസാനം വരെ മില്ലറിനെ വേട്ടയാടുന്ന ദുസ്വപ്‌നമായി സൂര്യയുടെ ക്യാച്ച് മാറുകയായിരുന്നു.

ആ ക്യാച്ചിനെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മില്ലര്‍. ആ സമയത്ത് ദേഷ്യവും നിരാശയും തുടങ്ങി പല വികാരങ്ങള്‍ മനസിനെ കീഴടക്കിയെന്നും തങ്ങള്‍ക്ക് ജയിക്കാനുള്ള അവസരമായിരുന്നു അതെന്നും മില്ലര്‍ പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് മില്ലര്‍ മനസുതുറന്നത്.

‘ആ സമയത്ത് എന്റെ മനസിലൂടെ കടന്നുപോയത് എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എനിക്ക് ആ സമയം വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. നിരാശ, തോല്‍വി തുടങ്ങി എല്ലാ നെഗറ്റീവ് ചിന്തകളും തലയിലേക്ക് ഓടിവരും.

ഞാന്‍ പല തരം സ്‌പോര്‍ട്‌സുകള്‍ കാണുന്ന വ്യക്തിയാണ്, ഇവയെല്ലാം വിജയിക്കാനുള്ള ഒരു നിമിഷത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. എനിക്ക് തോന്നുന്നത് അതായിരുന്നു ഞങ്ങള്‍ക്ക് വിജയിക്കാനുള്ള നിമിഷമെന്ന്.

ഒന്നും എനിക്ക് വേണ്ടിയുള്ളതായിരുന്നില്ല. അതെന്നെ ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്റെ രാജ്യത്തെ ഒന്നാകെ നിരാശപ്പെടുത്തിയതായി എനിക്ക് തോന്നി. ഞാന്‍ എന്നെ തന്നെയും എന്റെ സഹതാരങ്ങളെയും നിരാശപ്പെടുത്തിയതായാണ് ആ നിമിഷം എനിക്ക് തോന്നിയത്. കളിക്കളത്തില്‍ നിന്നും പുറത്ത് കടക്കാന്‍ പോലും ആ നിമിഷം എനിക്ക് തോന്നിയിരുന്നില്ല,’ മില്ലര്‍ പറഞ്ഞു.

സൂര്യ കൈപ്പിടിയിലൊതുക്ക ആ ഷോട്ടിന് പകരം മറ്റേതെങ്കിലും ഷോട്ട് കളിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘ഇല്ല, മറ്റേതെങ്കിലുമൊരു ഷോട്ടിന് ഞാന്‍ മുതിരുമായിരുന്നില്ല, പക്ഷേ കുറച്ചുകൂടി മികച്ച കോണ്‍ടാക്ട് പന്തുമായി ഉണ്ടാകണെന്നാണ് ഞാന്‍ ആഗ്രഹിക്കുക. അതുപോലെ ഒരു ഫുള്‍ ടോസ് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: David Miller about 2024 T20 World Cup final

We use cookies to give you the best possible experience. Learn more