| Tuesday, 10th October 2023, 4:08 pm

ഇന്ത്യന്‍ മണ്ണില്‍ ഈ റെക്കോഡിടാന്‍ ഇംഗ്ലീഷുകാരന്‍ തന്നെ വരേണ്ടി വന്നു; കടുവകളുടെ പല്ലടിച്ചുകൊഴിച്ച് സിംഹങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് റെയ്‌നിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയം മറക്കുന്നതിനും വിജയവഴിയിലേക്ക് തിരിച്ചുവരുന്നതിനുമാണ് ഇംഗ്ലണ്ട് ധര്‍മശാലയിലേക്കിറങ്ങിയത്.

ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഷാകിബ് അല്‍ ഹസന്റെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു ധര്‍മശാലയില്‍ കണ്ടത്. ആദ്യ വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലനും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 115 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

59 പന്തില്‍ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 52 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റാണ് ത്രീ ലയണ്‍സിന് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് ഇംഗ്ലീഷ് ഓപ്പണര്‍ പുറത്തായത്.

ബെയര്‍‌സ്റ്റോ മടങ്ങിയപ്പോള്‍ ആശ്വസിച്ച ബംഗ്ലാ കടുവകളുടെ നെഞ്ചില്‍ ഇടിത്തീ വെട്ടിയാണ് മൂന്നാം നമ്പറിലിറങ്ങിയ ജോ റൂട്ടും ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിനേക്കാള്‍ ഡെഡ്‌ലിയായ കോംബോയാണ് രണ്ടാം വിക്കറ്റില്‍ ഡേവിഡ് മലനും റൂട്ടും ചേര്‍ന്ന് സ്വന്തമാക്കിയത്.

115ാം റണ്‍സില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 266ാം റണ്‍സിലാണ് പിരിയുന്നത്. മലനെ പുറത്താക്കി മഹെദി ഹസനാണ് വിക്കറ്റ് നേടിയത്. 107 പന്തില്‍ 140 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. 16 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു മലന്റെ ഇന്നിങ്‌സ്. ഏകദിനത്തില്‍ താരത്തിന്റെ ആറാം സെഞ്ച്വറി നേട്ടമാണിത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഡേവിഡ് മലനെ തേടിയെത്തിയിരിക്കുന്നത്. ധര്‍മശാലയില്‍ ഏകദിനത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറണിത്. ഇതിന് പുറമെ ധര്‍മശാലയിലെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡും മലന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

മലന്‍ പുറത്തായി 30 റണ്‍സിന് ശേഷം ജോ റൂട്ടും പുറത്തായി. 68 പന്തില്‍ 82 റണ്‍സടിച്ചാണ് റൂട്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി തികച്ചത്.

റൂട്ടിന് പിന്നാലെയെത്തിയവര്‍ക്ക് കാര്യമായ സംഭവാനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പത്ത് പന്തില്‍ 20 റണ്‍സ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 15 പന്തില്‍ 20 റണ്‍സും നേടി പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ബംഗ്ലാദേശിനായി മഹെദി ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റും നേടി. ഷാകിബ് അല്‍ ഹസനും താസ്‌കിന്‍ അഹമ്മദുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഇതിനോടകം തന്നെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. തന്‍സിദ് ഹസന്‍ (രണ്ട് പന്തില്‍ ഒന്ന്), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ഒരു പന്തില്‍ പൂജ്യം), ഷാകിബ് അല്‍ ഹസന്‍ (ഒമ്പത് പന്തില്‍ ഒന്ന്), മെഹിദി ഹസന്‍ (ഏഴ് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷാകിബ് അല്‍ ഹസന്‍ എന്നിവരെ റീസ് ടോപ്‌ലി മടക്കിയപ്പോള്‍ ക്രിസ് വോക്‌സാണ് മെഹിദി ഹസനെ മടക്കിയത്.

നിലവില്‍ പത്ത് ഓവറില്‍ 57 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 35 പന്തില്‍ 44 റണ്‍സ് നേടിയ ലിട്ടണ്‍ ദാസും പന്തില്‍ ഒരു റണ്ണുമായി മുഷ്ഫിഖര്‍ റഹീമുമാണ് ക്രീസില്‍.

Content Highlight: David Malan scores Highest individual ODI score in HPCA Stadium

Latest Stories

We use cookies to give you the best possible experience. Learn more