അവന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതാണ് പ്രശ്‌നം; തുറന്ന് പറഞ്ഞ് ഡേവിഡ് ലോയ്ഡ്
Sports News
അവന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതാണ് പ്രശ്‌നം; തുറന്ന് പറഞ്ഞ് ഡേവിഡ് ലോയ്ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 11:35 am

ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കക്ക് മുമ്പില്‍ 483 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ആതിഥേയര്‍. രണ്ടാം ഇന്നിങ്സില്‍ 251 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

121 പന്ത് നേരിട്ട് 103 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്സില്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് റൂട്ട് തന്റെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ഇംഗ്ലണ്ട് താരമെന്ന റെക്കോഡ് നേടാനും റൂട്ടിന് സാധിച്ചു.

എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഒല്ലി പോപ്പിന് ആദ്യ ടെസ്റ്റിലും രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഒല്ലി പോപ് 38 പന്ത് കളിച്ച് വെറും 17 റണ്‍സിനാണ് പുറത്തായത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ ഒല്ലി ആറ് റണ്‍സിനാണ് കൂടാരം കയറിയത്.

ക്യാപ്റ്റന്‍ ഒല്ലിയുടെ മോശം ബാറ്റിങ് ഫോമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. മാത്രമല്ല മികച്ച ഫോമില്‍ തുടരുന്ന ജോ റൂട്ടിന്റെ ശൈലി പിന്തുടരാനും അദ്ദേഹം ഒല്ലിയോട് വശ്യപ്പെട്ടു.

‘ക്യാപ്റ്റന്‍ ഒല്ലി പോപ്പ് വ്യത്യസ്തമായ കാര്യങ്ങളാണ് പരീക്ഷിക്കുന്നത്. എന്നാല്‍ അവന്‍ ബാറ്റിങ്ങിന്റെ അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണം. മാത്രമല്ല അവന്‍ അവന്റെ കഴിവനുസരിച്ച് കളിക്കുകയും വേണം. ജോ റൂട്ടിന്റെ ശൈലി ശ്രദ്ധിക്കൂ, അവന്‍ തന്റെ കഴിവിന് അനുസരിച്ച് കളിക്കുന്നു,’ ഡേവിഡ് പറഞ്ഞു.

ഒല്ലി പോപ്പിനെക്കുറിച്ച് നേരത്തെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും സംസാരിച്ചിരുന്നു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പോപ്പിനെ കാണാന്‍ സാധിക്കില്ലെന്നാണ് വോണ്‍ പറഞ്ഞത്. വോണിന്റെ അഭിപ്രായത്തോട് പല മുന്‍ താരങ്ങളും യോജിച്ചിരുന്നു.

 

Content Highlight: David Lloyd Criticize Ollie Pope In Test Cricket Against Sri Lanka