ഊഷ്മാവ്, സ്പര്‍ശനം എന്നിവ തിരിച്ചറിയുന്ന റിസെപ്‌റ്റേഴ്‌സ്; ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപൗടെയ്‌നും വൈദ്യശാസ്ത്ര നൊബേല്‍
World News
ഊഷ്മാവ്, സ്പര്‍ശനം എന്നിവ തിരിച്ചറിയുന്ന റിസെപ്‌റ്റേഴ്‌സ്; ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപൗടെയ്‌നും വൈദ്യശാസ്ത്ര നൊബേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th October 2021, 5:28 pm

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്കക്കാരായ ഡേവിഡ് ജൂലിയസ്, ആര്‍ഡേം പടാപൗടെയ്ന്‍ എന്നിവര്‍ അര്‍ഹരായി. സ്പര്‍ശനവും ഊഷ്മാവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസെപ്‌റ്റേഴ്‌സിനെ കുറിച്ചുള്ള കണ്ടുപിടുത്തമാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയിരിക്കുന്നത്.

‘ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും പൊരുത്തപ്പെടാനും സഹായിക്കുന്ന പ്രേരണകള്‍ക്ക് തുടക്കമിടാന്‍, ചൂടും തണുപ്പും യാന്ത്രിക ശക്തിയും എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കാന്‍ അവരുടെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ സഹായിച്ചു,” എന്നാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നത്.

മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെ വരും ദിവസങ്ങളിലാണ് പ്രഖ്യാപിക്കുക. ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ വിജയികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. രസതന്ത്രത്തിന്റേത് ബുധനാഴ്ചയും, സാഹിത്യത്തിന്റേത് വ്യാഴാഴ്ചയും സമാധാനത്തിലുള്ള പുരസ്‌കാര വിജയിയെ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുന്നത്. 11ാം തീയ്യതിയാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ വിജയികള്‍ക്ക് സമ്മാനിക്കുക.

സ്വര്‍ണമെഡലും 10 മില്യണ്‍ സ്വീഡിഷ് ക്രോണോറും (1.4 മില്യണ്‍ യു.എസ് ഡോളര്‍) അടങ്ങുന്നതാണ് പുരസ്‌കാരം. സ്വീഡിഷ് ഭൗതിക ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാര്‍ത്ഥമാണ് നൊബേല്‍ സമ്മാനം നല്‍കിവരുന്നത്.

മുന്‍കാലങ്ങളില്‍ അത്യാഡംബര പൂര്‍വമായിരുന്ന ചടങ്ങിലായിരുന്നു നൊബേല്‍ പുരസ്‌കാരം നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.

അമേരിക്കക്കാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് റൈസ്, ബ്രിട്ടണില്‍ നിന്നുള്ള മൈക്കല്‍ ഹൗട്ടണ്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. സിറോസിസിനും കരള്‍ കാന്‍സറിനും കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിഞ്ഞതിനായിരുന്നു പുരസ്‌കാരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: David Julius, Ardem Patapoutian win 2021 Medicine Nobel for  discovery of temperature, touch receptors