കൊച്ചി: വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉയര്‍ത്ത് വരവിന് ശ്രമിക്കുകയാണ്. റെനെ മ്യൂളന്‍സ്റ്റീന്റെ കീഴില്‍ മുട്ടിലിഴഞ്ഞ ടീം ഡേവിഡ് ജെയിംസ് എത്തിയതോടെ സട കുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. എന്നാല്‍ കളിക്കളത്തിന് പുറത്ത് ബ്ലാസ്റ്റേഴ്‌സിനെ വിവാദങ്ങളും പിടിമുറുക്കുന്നുണ്ട്.
മുന്‍ പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീന്റെ ആരോപണങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം. നായകന്‍ സന്ദേശ് ജിങ്കനും മാനേജുമെന്റിനും എതിരെ റെനെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ജിങ്കന്‍ മദ്യപാനിയാണെന്നായിരുന്നു റെനെ പറഞ്ഞത്. ഇപ്പോഴിതാ റെനെയ്ക്ക് മറുപടിയുമായി പരിശീലകന്‍ ഡേവിഡ് ജെയിംസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
“ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള സാധ്യതകളും അധികാരവും ആ സമയത്തുണ്ടായിരുന്നു. ഒരു പരിശീലകന്‍ മികച്ചതാവുന്നത് അത്തരം സാഹചര്യങ്ങളെ കൂടി നല്ല രീതിയില്‍ മറികടക്കുമ്പോഴാണ്. എന്നാല്‍ അതിനു കഴിയാതെ ഇത്തരം വാദമുഖങ്ങള്‍ പിന്നീട് ഉയര്‍ത്തുന്നത് ബാലിശമാണ്.” ജയിംസ് പറയുന്നു. എ.ടി.കെയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നായകന്‍ സന്ദേശ് ജിങ്കനെ കുറിച്ച് തനിക്ക് അത്തരത്തില്‍ യാതൊരു വിധ പ്രശ്നവും തോന്നിയില്ലെന്നാണ് ജയിംസ് പറയുന്നത്. മികച്ച പ്രൊഫഷണലിസവും സ്വഭാവഗുണവുമുള്ള താരമാണ് ജിങ്കന്‍. ബ്ലാസ്റ്റേഴ്സ് നായകന്‍ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും മൂന്നു വര്‍ഷം മുന്‍പ് താരത്തെ കാണുമ്പോള്‍ ജിങ്കനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത് അതാണെന്നും കൂടുതല്‍ നിലവാരത്തിലേക്കെത്താന്‍ ഇനിയും താരത്തിനാവുമെന്നും ജയിംസ് പറയുന്നു.