ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനോടാണ് മല്‍സരിക്കുന്നത്; സൂപ്പര്‍ കപ്പ് നേടുക തന്നെയാണ് ലക്ഷ്യം; ആദ്യ പോരാട്ടത്തിനു മുമ്പ് മനസ്തുറന്ന് ജെയിംസേട്ടന്‍
Super Cup 2018
ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനോടാണ് മല്‍സരിക്കുന്നത്; സൂപ്പര്‍ കപ്പ് നേടുക തന്നെയാണ് ലക്ഷ്യം; ആദ്യ പോരാട്ടത്തിനു മുമ്പ് മനസ്തുറന്ന് ജെയിംസേട്ടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th April 2018, 8:10 pm

ഭുവനേശ്വര്‍: ഐ.എസ്.എല്‍ നാലാം സീസണില്‍ ആറാംസ്ഥാനക്കാരായി പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സൂപ്പര്‍ കപ്പില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ നെറോക്ക എഫ്.സിയെ നേരിടാനൊരുങ്ങുകയാണ്. നോക്ക് ഔട്ട് സ്റ്റേജ് മല്‍സരത്തില്‍ ഐ ലീഗ് റണ്ണര്‍ അപ്പായ നെറോക്ക എഫ്‌സിയെ നേരിടാനൊരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ഞപ്പടയുടെ പരിശീലകന്‍ ഡേവിഡ് ജെയിംസ്.

സൂപ്പര്‍ കപ്പ് നേടുക തന്നെയാണ് തങ്ങളുട ലക്ഷ്യമെന്നും അതിനാല്‍ ഈ മത്സരം ജയിക്കേണ്ടതുണ്ടെന്നാണ് ജെയിംസേട്ടന്‍ പറഞ്ഞിരിക്കുന്നത്. “ഐ ലീഗ് ക്ലബ്ബുകളും ഐഎസ്എല്‍ ക്ലബുകളും തമ്മിലുള്ള മല്‍സരം കടുത്തതാണ് എന്നാണ് ആദ്യ റൗണ്ടില്‍ തന്നെ നമ്മള്‍ കണ്ടത്. സീസണിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനോടാണ് നമ്മള്‍ മല്‍സരിക്കുന്നത്.” ജെയിംസ് പറഞ്ഞു.

2016- 17 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ജേതാക്കളായ നെറോക്ക ഈ സീസണിലാണ് ഒന്നാം ഡിവിഷനിലേക്ക് പ്രവേശിക്കുന്നത്. ഐ ലീഗിലെ ആദ്യ ഡിവിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താണ് മണിപ്പൂരില്‍ നിന്നുമുള്ള ക്ലബ്ബ് സൂപ്പര്‍ കപ്പിനു യോഗ്യത നേടിയത്.

ഐ ലീഗില്‍ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ ക്ലബ് കൂടിയാണ് നെറോക്ക. മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെത്തുന്ന നെറോക്കയ്‌ക്കെതിരെ ഡേവിഡ് ജെയിംസ് അറ്റാക്കിങ്ങ് ഫുട്‌ബോള്‍ തന്നെയാകും പുറത്തെടുക്കുക.

കേരള നിരയില്‍ റിനോ ആന്റോ ഇന്നത്തെ മത്സരം കളിക്കുന്നില്ല അതേസമയം സി.കെ വിനീതും പ്രശാന്തും ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. റഹുബ്ക, ജിങ്കന്‍, ബ്രൗണ്‍, പെസിച്, ലാല്‍റുവത്താര, പ്രശാന്ത്, അറാട്ട, പുള്‍ഗ, മിലന്‍ സിംഗ്, പെകൂസണ്‍, സികെ വിനീത് എന്നിരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍.