| Monday, 20th August 2018, 8:51 am

വാജ്‌പേയിയുടെ അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരില്‍ ഹെഡ്‌ലിയുടെ അര്‍ദ്ധ സഹോദരനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ വാജ്‌പേയിയുടെ അന്തിമ ചടങ്ങുകള്‍ക്കെത്തിയ പാക് സംഘത്തില്‍ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ഇപ്പോള്‍ അമേരിക്കയില്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അര്‍ദ്ധ സഹോദരന്‍ ഡാനിയല്‍ ഗീലാനിയും.

പാകിസ്ഥാന്‍ സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെട്ട ഡാനിയല്‍ അഞ്ചംഗ പാക് പ്രതിനിധി സംഘത്തിനൊപ്പമാണ് ദല്‍ഹിയിലെത്തിയിരുന്നത്. പാക് പ്രധാനമന്ത്രിയായിരുന്ന യുസഫ് റാസ ഗീലാനിയുടെ വക്താവായും പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡാനിയല്‍ ഗീലാനി.

വാജ്‌പേയിയുടെ അന്തിമ ചടങ്ങുകളില്‍ ഡാനിയല്‍ പങ്കെടുത്തിരുന്നെങ്കിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായുള്ള നിയമമന്ത്രി സഈദ് അലി സഫറിന്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയില്‍ ഭാഗമായിരുന്നില്ല.

ഡാനിയല്‍ ഗീലാനിക്ക് വിസ അനുവദിച്ചത് ബ്ലാക്ക് ലിസ്റ്റ് പരിശോധിച്ചതിന് ശേഷമാണെന്നും അദ്ദേഹത്തിന് തീവ്രവാദി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഡേവിഡ് ഹെഡ്‌ലിയെ ഡാനിയല്‍ ഗീലാനി നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.

നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ സിഖ് വിഘടനവാദി നേതാവായ ജസ്പാല്‍ അത്‌വാലിനെ കാനഡേയിന്‍ കമ്മീഷണറുടെ വീട്ടില്‍ നടന്ന വിരുന്നിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more